തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണം നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിൽ ത്വരിതപരിശോധനയ്ക്ക് വിജിലൻസ്‌ സാധ്യത ആരായുന്നു. പരാതി ലഭിച്ചാൽ പരിശോധനയ്ക്കായി സർക്കാരിന്റെ അനുമതിതേടും. രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണം വേണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പരാതികളൊന്നുംതന്നെ വിജിലൻസിന് ലഭിച്ചിട്ടില്ല.

ബിജു രമേശിന്റെ ആരോപണത്തിൽ ത്വരിത പരിശോധന നടത്തണമെങ്കിൽ വിജിലൻസിന് പരാതി കിട്ടണം. പരാതി ലഭിച്ചാൽ വിജിലൻസ് ത്വരിതാന്വേഷണത്തിന് അനുമതിതേടി സർക്കാരിനെ സമീപിക്കും. ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നാണു വിവരം.

ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി പത്തുകോടി രൂപ വാഗ്ദാനം നൽകിയെന്ന് ബിജു രമേശ് കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. മന്ത്രിയായിരുന്ന കെ. ബാബുവിന്റെ നിർദേശമനുസരിച്ച് ബാറുടമകളിൽനിന്ന് പത്തുകോടി രൂപ പിരിച്ചെടുത്തെന്നും അത് പലർക്കായി വീതിച്ചുനൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.