തിരുവനന്തപുരം: കൊല്ലം ജില്ലയിലെ വനിതാ ഡോക്ടറെ അപമാനിച്ച കളക്ടറുടെ പ്രവൃത്തി അപലപനീയമെന്ന് കെ.ജി.എം.ഒ.എ.

വനിതാ ജീവനക്കാർക്കെതിരേ പോലും കളക്ടർമാർ മുതലുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാവുന്നത് കടുത്ത മാനസിക പീഡനമാണ്. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. തെറ്റായ പരാമർശങ്ങളിൽ കളക്ടർക്കെതിരേ യുക്തമായ നടപടിയുണ്ടാവണം. അല്ലാത്തപക്ഷം ഇപ്പോൾ കൊല്ലം ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയേകാൻ കെ.ജി.എം.ഒ.എ. മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. 15 മുതൽ ഡോക്ടർമാർ പ്രതിഷേധത്തിലുമാണ്. തുടർച്ചയായ കോവിഡ് ഡ്യൂട്ടിക്കുശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കണം. ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചികിത്സാ നിർദേശങ്ങൾ നൽകാൻ വിരമിച്ച ഡോക്ടർമാരെയും സ്വകാര്യ ഡോക്ടർമാരെയും ഉൾപ്പെടുത്തി ബ്ലോക്കടിസ്ഥാനത്തിൽ കോൾസെന്റർ രൂപവത്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.