തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ‘സാലറി കട്ട്’ ഒഴിവാക്കി പാർട്ടി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാനുള്ള സി.പി.എം. തീരുമാനം അതേ മാതൃകയിൽ ഏറ്റെടുത്ത് സി.പി.ഐ.യും.

സി.പി.ഐ. അനുകൂല സർവീസ് സംഘടനകൾക്ക് ക്വാട്ട നിശ്ചയിച്ച് പിരിവ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് സംഘടനാ ഭാരവാഹികളടങ്ങുന്ന ഫ്രാക്‌ഷൻ വിളിച്ച് അറിയിച്ചു. 15 കോടിയാണ് സി.പി.എം. പിരിച്ചെടുക്കാൻ തീരുമാനിച്ചതെങ്കിൽ മൊത്തത്തിലുള്ള തുക എത്രയാണെന്ന് സി.പി.ഐ. അറിയിച്ചിട്ടില്ല. ഒരു ജീവനക്കാരൻ ചുരുങ്ങിയത് 5000 രൂപയെങ്കിലും നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

സ്ഥിരവരുമാനമുള്ളവരിൽനിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തണമെന്നാണ് സി.പി.ഐ.യും തീരുമാനിച്ചിട്ടുള്ളത്. സാലറി കട്ട് ഒഴിവാക്കാനുള്ള രാഷ്ട്രീയ തീരുമാനമുണ്ടായത് ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്. പാർട്ടി അനുകൂല സർവീസ് സംഘടനകളിലെ അംഗങ്ങൾ പാർട്ടി മുഖപത്രത്തിന്റെ വരിക്കാരാകുന്നത് നിർബന്ധമാണെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന് 2500 രൂപ അധികപിരിവായി വേറെയും നടത്തുന്നുണ്ട്.

എന്നാൽ, സി.പി.എം. സർവീസ് സംഘടനകൾ നിർദേശിച്ച രീതിയിൽ ‘പാർട്ടി ഫണ്ടിന് പലിശരഹിത വായ്പ’ എന്ന ഓപ്ഷൻ സി.പി.ഐ. സംഘടനകൾ വെച്ചിട്ടില്ല. എംപ്ലോയീസ് സഹകരണ സംഘങ്ങളിൽനിന്ന് പലിശരഹിത വായ്പ നൽകാമെന്നാണ് സി.പി.എം. അനുകൂല സംഘടനകളുടെ വാഗ്ദാനം.

ജോയന്റ് കൗൺസിൽ, കെ.ജി.ഒ.എഫ്., എ.കെ.എസ്.ടി.യു. എന്നിവയ്ക്കാണ് പ്രധാനമായും ടാർജറ്റുള്ളത്. ഇതിൽ എ.കെ.എസ്.ടി.യു. അംഗങ്ങളിൽ എയ്ഡഡ് സ്കൂൾ അധ്യാപകരുമുള്ളതിനാൽ അവർ പാർട്ടി ഘടകത്തിലും അംഗമായിരിക്കും. ഇവർക്ക് ഇരട്ടപ്പിരിവുണ്ടാകില്ല.