തിരുവനന്തപുരം: വിരമിച്ച കോളേജ് അധ്യാപകരുടെ പെൻഷൻ യു.ജി.സി. നിരക്കിൽ പരിഷ്കരിക്കാനുള്ള നിർദേശം ബുധനാഴ്ച മന്ത്രിസഭ പരിഗണിച്ചേക്കും. പതിനായിരത്തോളം പെൻഷൻകാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ്‌ കരുതുന്നത്. ശരാശരി ഏഴായിരംമുതൽ പതിനായിരംവരെ വർധനയാണ്‌ പ്രതീക്ഷിക്കുന്നത്.

ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് നേരത്തേ ധനവകുപ്പിന് ശുപാർശനൽകിയിരുന്നു. ധനവകുപ്പ് അനുമതിയോടെയാകും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിഷയം വരുക. മുൻകാലപ്രാബല്യത്തോടെ പെൻഷൻ പരിഷ്കരണം നടപ്പാക്കാനാണ് ആലോചിക്കുന്നത്. യു.ജി.സി. നിരക്കിൽ കോളേജ് അധ്യാപകർക്ക് ശമ്പളപരിഷ്കരണം 2016 ജനുവരി മുതൽ സംസ്ഥാനത്ത്‌ നടപ്പാക്കിയെങ്കിലും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പരിഗണിച്ചിരുന്നില്ല.