എടപ്പാൾ: സി.ബി.എസ്.ഇ. വിദ്യാലയങ്ങൾ കോവിഡ് കാലത്ത് 25 ശതമാനം ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മഞ്ചേരിയിലെ എയ്‌സ് സ്‌കൂളും സി.ബി.എസ്.ഇ. മാനേജ്‌മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് വിധി.

സർക്കാരിന്റെ സഹായമൊന്നുമില്ലാതെയാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡിജിറ്റൽ സംവിധാനങ്ങളേർപ്പെടുത്തി ഓൺലൈനിലൂടെ മികച്ച നിലയിൽ ക്ലാസുകൾ നടത്തുകയും ജീവനക്കാർക്ക് ശമ്പളം നൽകുകയും ചെയ്തിട്ടും ഫീസിളവ് നൽകാൻ പറഞ്ഞത് അന്യായമാണെന്നും ആരോപിച്ചായിരുന്നു ഹർജി. കോടതി സി.ബി.എസ്.ഇ.യുടെയും സർക്കാരിന്റെയും വിശദീകരണം തേടുകയും അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു.