പള്ളിക്കൽ: പ്രാദേശിക കാർഷിക സഹകരണസംഘങ്ങൾക്കു കീഴിൽ നവംബർ ഒന്നുമുതൽ പച്ചക്കറി വിൽപ്പനശാലകൾ തുടങ്ങാൻ സർക്കാർ തീരുമാനം. പ്രാദേശികമായി കർഷകർ ഉത്‌പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ന്യായവിലയും വിപണനസാധ്യതയും ഉറപ്പാക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണിത്.

സഹകരണവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ജോയിന്റ് രജിസ്ട്രാർ(ജനറൽ)മാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്താകെ 279 വിൽപ്പനശാലകളാണ് തുടങ്ങുന്നത്.

ഉത്‌പന്നങ്ങൾക്ക് ന്യായവിലയും വിപണിയും കണ്ടെത്താനാകുന്നില്ലെന്ന പരാതിക്കും വിളവെടുപ്പുകാലത്ത് നഷ്ടംസഹിച്ച്, കിട്ടിയ വിലയ്ക്ക് ഉത്‌പന്നം വിറ്റഴിക്കേണ്ട ഗതികേടിനും ഒരുപരിധിവരെ ഇതോടെ പരിഹാരമാകും. ചെറിയ ലാഭമെടുത്ത് സഹകരണസംഘങ്ങൾ പച്ചക്കറി വിൽക്കുമ്പോൾ ഉപഭോക്താവിനും പ്രയോജനം ലഭിക്കും.

നിലവിലെ അടിസ്ഥാനസൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി നഷ്ടമുണ്ടാകാത്ത രീതിയിൽവേണം പച്ചക്കറി വിൽപ്പനശാലകളുടെ പ്രവർത്തനം ക്രമീകരിക്കേണ്ടത്. വിൽപ്പനശാലകൾക്ക് പൊതുവായ പ്രത്യേക തിരിച്ചറിയൽബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കണം. ഇതിലേക്കായി രജിസ്ട്രാർ ഓഫീസിൽനിന്ന് അനുവദിക്കുന്ന ഏകീകൃത കളർകോഡ്, ബ്രാൻഡ്, മാതൃക എന്നിവ ഉപയോഗപ്പെടുത്തണം.

വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാധ്യമാക്കാൻ പഞ്ചായത്തിലെ കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സഹകരണസംഘം സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കണം. വിൽപ്പനശാല മുഖേന സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുടെ എണ്ണം സർക്കാരിന്റെ നൂറുദിവസത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനും നിർദേശമുണ്ട്. പച്ചക്കറികളുടെ തറവിലസംബന്ധിച്ച രൂപരേഖ തയ്യാറാക്കി സംഘങ്ങളെ പിന്നീട് അറിയിക്കും.