മലപ്പുറം: ഭരണഘടനാ ഭേദഗതിയുടെ മറവിൽ കേരളത്തിൽ സംവരണ അട്ടിമറി നടക്കുന്നതായി സംവരണ സമുദായ മുന്നണി. സുപ്രീംകോടതിയിലുള്ള കേസുകളിൽ വിധി വരുന്നതുവരെ മുന്നാക്ക സംവരണം നിർത്തിവെക്കണമെന്ന് മുന്നണി നേതാക്കളും മുൻ മന്ത്രിമാരുമായ കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. നാലകത്ത് സൂപ്പി എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.ഡി.എഫ്. (ഡി.) സംസ്ഥാന സെക്രട്ടറി വി. നാരായണനും പങ്കെടുത്തു.

ഒരു സംസ്ഥാനത്തും മുന്നാക്ക സംവരണം നടപ്പാക്കാൻ തുടങ്ങിയിട്ടില്ല. എന്നാൽ, ഇവിടെ തിടുക്കത്തിൽ നടപ്പാക്കാണ് സർക്കാർ ശ്രമിക്കുന്നത്. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ സംവരണ തോത് ഉയർത്താൻ നടപടി വേണം. പാവപ്പെട്ടവർക്കായി നടത്തുന്ന സംവരണം എല്ലാ സമുദായത്തിലേയും പിന്നാക്കക്കാർക്ക് നൽകണം. അശാസ്ത്രീയമായ സംവരണ സംവിധാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത് തടയണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നതിനു മുൻപ് ധൃതിപ്പെട്ട് ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളിൽ തെറ്റായ രീതിയിലും പിന്നാക്കക്കാരെ കബളിപ്പിച്ചും എല്ലാതലങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവാണ് കേരള സർക്കാർ ഇറക്കിയത്.

മെറിറ്റ് സീറ്റിൽ പരമാവധി 10 ശതമാനംവരെ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്യണമെന്നാണ് ഭരണഘടന ഭേദഗതിയിലും ശശിധരൻ കമ്മിഷൻ റിപ്പോർട്ടിലും പറയുന്നത്. എല്ലാ നിയമനങ്ങളിലും 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം സംവരണ സീറ്റുമാണ്. 50 ശതമാനം മെറിറ്റ് സീറ്റിന്റെ 10 ശതമാനമെന്നാൽ അഞ്ചുസീറ്റുകൾ മാത്രമെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാൻ പാടുള്ളൂ. എന്നാൽ, 100 ശതമാനം സീറ്റിന്റെയും 10 ശതമാനം എന്ന കണക്കിൽ നൂറിൽ 10 സീറ്റുകൾ മാറ്റിവെച്ചിരിക്കുകയാണ് സർക്കാർ.

പ്ലസ്ടു അലോട്ട്‌മെന്റിലും ഇങ്ങനെ ഇരട്ടി സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തി. എന്നാൽ, അതിൽ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ നിരവധി കുട്ടികൾക്കാണ് സീറ്റ് നിഷേധിക്കപ്പെടുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 21-ന് സെക്രട്ടേറിയറ്റ് നടയിൽ വിവിധ സംഘടനകൾ ചേർന്ന് സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.