മലപ്പുറം: കെ.എം. ഷാജി എം.എൽ.എയ്ക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. രാഷ്ട്രീയമായി എതിർചേരിയിലുള്ളവരെ ഉന്മൂലനംചെയ്യുന്നതിനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തിലുള്ള ഗൂഢാലോചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമാത്രമേ പുറത്തുകൊണ്ടുവരാൻ സാധിക്കൂ. ഇത് ലീഗിന്റെയോ യു.ഡി.എഫിന്റെയോ മാത്രം വിഷയമായി സർക്കാർ കാണരുത്. രാഷ്ട്രീയത്തിൽ ഉറച്ച നിലപാട് എടുക്കുന്നവർക്കെതിരായ ഭീഷണിയാണിത്. കേരളത്തിൽ ഇതനുവദിച്ചുകൂടാ. മുഖ്യമന്ത്രി വിഷയത്തെ ഗൗരവമായി കണ്ട് അന്വേഷണം പ്രഖ്യാപിക്കണം -കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.