തിരുവനന്തപുരം: ഷൈലജ പി.അമ്പുവിന് അമേരിക്കയിലെ ഇന്ത്യാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം. അശോക് ആർ.നാഥ് സംവിധാനംചെയ്ത ‘കാന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ഫെസ്റ്റിവലിലെ മികച്ച ചിത്രവും കാന്തിയാണ്. പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം ചിത്രങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. അന്ധയായ ആദിവാസി ബാലികയുടെയും അവളുടെ അമ്മയുടെയും നിസ്സഹായ ജീവിതത്തിന്റെ കഥയാണ് ‘കാന്തി’.

20 വർഷത്തിലധികമായി നാടക, സിനിമാ അഭിനയ രംഗത്ത് സജീവമാണ് ഷൈലജ. ‘ആർപ്പോ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ആറ് അവാർഡുകൾ വിവിധ ഫെസ്റ്റിവലുകളിൽ ഷൈലജ സ്വന്തമാക്കിയിരുന്നു. നാടൻപാട്ട് രംഗത്തും സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.