തിരുവനന്തപുരം: മത്സ്യഫെഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ആറ് സഹകരണ ബാങ്കുകളുമായി ചേർന്ന് പുതിയ ഫിഷ് മാർട്ടുകൾ ബുധനാഴ്ച പ്രവർത്തനം തുടങ്ങും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ ഫിഷ് മാർട്ട് ആരംഭിക്കുന്ന പദ്ധതിപ്രകാരമാണിത്. ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

കൊല്ലം ജില്ലയിലെ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്, പൂവറ്റൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം സർവീസ് സഹകരണ ബാങ്ക്, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക്, എറണാകുളം ജില്ലയിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്, കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് എന്നിവയുമായി ചേർന്നാണ് പുതിയ മാർട്ടുകൾ തുടങ്ങുന്നത്.

ഫിഷ് ലാൻഡിങ്‌ സെന്ററുകളിൽനിന്നും ഹാർബറുകളിൽനിന്നും ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡ് സംഭരിക്കുന്ന മീനാണ് ഫിഷ് മാർട്ടുകളിൽ വില്പനയ്ക്ക് എത്തുന്നത്.