പത്തനംതിട്ട: ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാർഥികൾക്ക് പഠനപിന്തുണയുമായി സമഗ്രശിക്ഷാ കേരള. ഇവർക്ക് പഠനാന്തരീക്ഷമൊരുക്കാൻ സംസ്ഥാനത്ത് 200 പ്രാദേശിക പ്രതിഭാകേന്ദ്രം സജ്ജീകരിക്കും.

ഓൺലൈൻ സംവിധാനം, ടി.വി. എന്നിവ ഇല്ലാത്ത കുട്ടികൾക്കായാണിത്. എസ്.എസ്.എൽ.സി., പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷ എഴുതുന്ന, പിന്നാക്കസാഹചര്യത്തിലുള്ള വിദ്യാർഥികൾക്ക് പ്രയോജനപ്പെടും. എസ്.സി., എസ്.ടി. വിഭാഗത്തിലുള്ള കുട്ടികൾക്കും മലയോരമേഖലയിലുള്ളവർക്കും ജില്ലതോറുമുള്ള ഇവിടെ സൗകര്യമൊരുക്കും.

സംസ്ഥാനത്ത് ഓൺലൈൻ പഠനം സാധ്യമാകാത്ത 2.61 ലക്ഷം വിദ്യാർഥികളുണ്ടെന്ന് സമഗ്രശിക്ഷ കേരള കണ്ടെത്തിയിരുന്നു. രസതന്ത്രം, കണക്ക്, ഭൗതികശാസ്ത്രം വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ ക്ളാസുകൾ വീഡിയോയിൽ ചിത്രീകരിച്ച് വിദ്യാർഥികൾക്ക് ലഭ്യമാക്കും.

ട്രെയിനർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കൈറ്റ്, എസ്.സി.ഇ.ആർ.ടി. എന്നിവയുടെ നേതൃത്വത്തിൽ അധ്യാപകപരിശീലനം ഏകോപിപ്പിക്കുന്നത് സമഗ്രശിക്ഷയാണ്. അമ്പത് അധ്യാപകർക്ക് ഒരു മെന്റർ എന്ന നിലയിലാണ് ക്രമീകരണം.