തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരെ രോഗവാഹകരായി ചിത്രീകരിച്ച് ചില കുപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. അത്തരം കുപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികേരളീയരുടെ നാടാണിത്. അവർക്കുമുന്നിൽ ഒരു വാതിലും കൊട്ടിയടക്കില്ല. അന്യനാടുകളിൽച്ചെന്ന് കഷ്ടപ്പെടുന്ന അവർക്ക് ഏതുഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെയെത്തിക്കാനുള്ള എല്ലാശ്രമങ്ങൾക്കും സർക്കാരിന്റെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകൾ സംസ്ഥാനത്തിന്റെ പുറത്തുണ്ട്. എല്ലാവർക്കും ഒരേദിവസം ഇങ്ങോട്ടുവരാനാവില്ല. പ്രത്യേക ക്രമീകരണങ്ങൾ അതിനുവേണ്ടിവരും.

കോവിഡ് വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവർക്കാണ് എന്ന് കഴിഞ്ഞദിവസം പറഞ്ഞതിനാണ് ചിലകേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകിയത്. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യം അതിന്റെ വ്യാപനം തടയാനുള്ള പ്രധാന ഉപാധിയാണ്. അതിർത്തിയിൽ ഒരു നിയന്ത്രണവുമില്ലാതെ റെഡ്‌സോണുകളിൽനിന്ന് വരുന്നവർ എല്ലാവരുമായും അടുത്ത് ഇടപഴകാനിടയായാൽ ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാർ ഉൾപ്പെടെ ശക്തമായ നിലപാട് സർക്കാർ എടുക്കുന്നത്.

കഴിഞ്ഞദിവസം മുംബൈയിൽനിന്ന് പത്തനംതിട്ട ജില്ലയിലെ റാന്നിയിലെത്തിയ കുടുംബത്തിന് റോഡരികിൽ നിൽക്കേണ്ടിവന്ന ദുരനുഭവം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയിൽനിന്ന് പെരിനാട് പഞ്ചായത്തിലെത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാനാവാതെ നിൽക്കേണ്ടിവന്നു എന്നാണ് വാർത്ത. അവർ ക്വാറന്റീനുവേണ്ടി തയ്യാറാക്കിയ വീട്ടിൽ കയറുന്നത് ചിലർ തടഞ്ഞുവെന്നും പരാതിയുണ്ട്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾവെച്ച് പ്രവാസികളെ പരിഗണിക്കുന്നില്ല എന്നരീതിയിൽ ഒരുകൂട്ടർ ദുഷ്‌പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.