തിരുവനന്തപുരം: ഇരിക്കൂറിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പൂർത്തിയായിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം തുടരും.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾമൂലം ഇരിക്കൂറിലും കണ്ണൂർ ജില്ലയിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായിട്ടില്ല. പ്രവർത്തകരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജി പിൻവലിച്ചു തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ പ്രവർത്തകരോട് ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു.

യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുകയെന്നതിനാണ് പ്രഥമപരിഗണന. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി., കെ.സി. ജോസഫ് എം.എൽ.എ., സണ്ണി ജോസഫ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, സോണി സെബാസ്റ്റ്യൻ എന്നിവരുമായി ആശയവിനിമയം നടത്തി.