തൃശ്ശൂർ: പുന്നപ്ര-വയലാർ സ്മൃതിമണ്ഡപത്തിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ പുഷ്പാർച്ചന ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കമ്യൂണിസ്റ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലമാണ്. ഇവിടെ അതിക്രമിച്ചുകയറി പുഷ്പം എറിയുകയും മുദ്രാവാക്യം വിളിച്ചും അവഹേളിക്കുകയാണ് ചെയ്തത്- പിണറായി ചെറുതുരുത്തിയിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ വിമർശിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിച്ചു. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാതൃഭൂമി ന്യൂസിന്റേതുൾപ്പടെയുള്ള മിക്ക സർവേകളിലും ഇടതുമുന്നണിയുടെ തുടർഭരണം പ്രവചിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് നാട്ടിലെ അവസ്ഥ അങ്ങനെയാണെന്നും മുഖ്യമന്ത്രി മറുപടിനൽകി.