കണ്ണൂർ: അഴീക്കോട്ടെ യു.ഡി.എഫ്. സ്ഥാനാർഥി കെ.എം. ഷാജിയുടെ പത്രിക മൂന്നുമണിക്കൂർനീണ്ട വാദപ്രതിവാദങ്ങൾക്കുശേഷം സ്വീകരിച്ചു. മത്സരിക്കുന്നതിൽ അയോഗ്യത നിലനിൽക്കുന്നതിനാൽ പത്രിക തള്ളണമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.വി. സുമേഷ് നൽകിയ പരാതിയിൽ ഇരുവിഭാഗത്തിന്റെയും വാദംകേട്ട ശേഷമാണ് റിട്ടേണിങ് ഓഫീസർ കെ.വി. രവിരാജ്‌ പത്രിക സ്വീകരിച്ചത്.

2016-ലെ തിരഞ്ഞെടുപ്പിൽ മതസ്പർധയുണ്ടാക്കുന്നതരത്തിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് എം.വി. നികേഷ്‌കുമാർ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോടതി ഷാജിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറുവർഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു. ഇതുചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ്. ഷാജിക്ക് സ്ഥാനാർഥിയാകാനാവില്ലെന്ന് വാദിച്ചത്.

ഷാജിക്ക് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും വിധിസ്റ്റേചെയ്തിട്ടില്ലെന്നും കെ.വി. സുമേഷിനുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശും അഡ്വ. പി.കെ. വർഗീസും വാദിച്ചു. അതേസമയം, മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് കെ.എം. ഷാജിക്കുവേണ്ടി ഹാജരായ ഹാരിസ് ബീരാനും മുഹമ്മദ് ഷായും വാദിച്ചു. ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അയോഗ്യത കല്പിക്കണമെങ്കിൽ രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം. വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ ഷാജിക്ക്‌ മത്സരിക്കാൻ തടസ്സമില്ലെന്നും അവർ വാദിച്ചു. തുടർന്നാണ് പത്രിക സ്വീകരിച്ചത്.