ചേർത്തല: കോട്ട സുരക്ഷിതമെന്ന ഉറപ്പിലാണ് ഇടതുപക്ഷം. മാറ്റം തെളിയുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. വെറുതേയൊരു മത്സരം എന്നനിലയിൽനിന്നുമാറി വിജയം അകലെയല്ലെന്ന സന്ദേശം നൽകി എൻ.ഡി.എ.

പരിസ്ഥിതിപ്പോരാട്ടവും ജനപക്ഷ നിലപാടുകളുമുയർത്തിയിട്ടുള്ള സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദിനെയാണ് എൽ.ഡി.എഫ്. മണ്ഡലം നിലനിർത്താനിറക്കിയിരിക്കുന്നത്. മൂന്നുതവണ മണ്ഡലത്തെ ഇടത്തോട്ടു ചേർത്തുനിർത്തിയ മന്ത്രി പി. തിലോത്തമൻ ഇക്കുറി മത്സരത്തിനില്ലെങ്കിലും പി. പ്രസാദിന്റെ പോരാട്ടത്തിനു ചുക്കാൻപിടിക്കുന്നതു അദ്ദേഹംതന്നെ. മന്ത്രിയും സർക്കാരും കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപദ്ധതികൾ ഉയർത്തിയാണ് ഇടതുപ്രചാരണം. തുടർഭരണമുറപ്പിച്ചാൽ വീണ്ടും ചേർത്തലയിൽനിന്നൊരു മന്ത്രിയെന്ന വജ്രായുധവും എൽ.ഡി.എഫ്.കേന്ദ്രങ്ങൾ രഹസ്യമായുയർത്തുന്നുണ്ട്.

യുവനേതാവ് എസ്. ശരത്തിനെയാണ് യു.ഡി.എഫ്. പോരാട്ടച്ചുമതലയേൽപ്പിച്ചിരിക്കുന്നത്. അഞ്ചുവർഷങ്ങൾക്കുമുൻപ്‌ ജില്ലയിൽ ഇടതുകാറ്റ്‌ ആഞ്ഞുവീശിയപ്പോഴും മണ്ഡലത്തിൽ കടുത്തമത്സരം കാഴ്ചവെച്ച ശരത്ത്‌ 7,196 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. പരാജയത്തിനുശേഷവും മണ്ഡലത്തിൽ നിറഞ്ഞുപ്രവർത്തിച്ചാണ് ശരത്ത് രണ്ടാംമത്സരത്തിനിറങ്ങുന്നത്. സ്ഥാനാർഥിത്വത്തെച്ചൊല്ലി പ്രശ്നങ്ങളൊന്നും ഇവിടെ ഉണ്ടായില്ലെന്നതാണ് മറ്റൊരു നേട്ടം.

ഇടതുപാളയത്തിൽനിന്ന്‌ അടർത്തിയെടുത്ത മുൻ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം പി.എസ്. ജ്യോതിസിനെയാണ് എൻ.ഡി.എ. അപ്രതീക്ഷിത സ്ഥാനാർഥിയായിറക്കിയിരിക്കുന്നത്. ബി.ഡി.ജെ.എസ്. പ്രതിനിധിയായാണ് മത്സരിക്കുന്നതെങ്കിലും സി.പി.എമ്മിൽനിന്നുള്ള മാറ്റത്തിനു പിന്നിൽ ആർ.എസ്.എസ്.ബുദ്ധിയാണ് തെളിഞ്ഞത്. ഒരുമാസം മാത്രം മുൻപ്‌ വയലാറിൽ ആർ.എസ്.എസ്.പ്രവർത്തകൻ കൊലചെയ്യപ്പെട്ട വിഷയമടക്കം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ ശക്തിതെളിയിക്കാനുറച്ചാണ് ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തനങ്ങൾ. മണ്ഡലത്തിൽ ഒരുലക്ഷത്തിനുമേൽ വരുന്ന ഈഴവവോട്ടുകളിലാണ് എൻ.ഡി.എ.യുടെ കണ്ണ്.

ഇടതിനു ആത്മവിശ്വാസം നൽകുന്ന തദ്ദേശഫലം

മൂന്നുമാസം മുൻപ്‌ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനു നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. ചേർത്തല നഗരസഭയും ചേർത്തല തെക്ക്, തണ്ണീർമുക്കം, വയലാർ, മുഹമ്മ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ എൽ.ഡി.എഫും പട്ടണക്കാട്ടും കടക്കരപ്പള്ളിയിലും യു.ഡി.എഫുമാണ്. (കടക്കരപ്പള്ളിയിൽ തുല്യം. ടോസിന്റെ ഭാഗം യു.ഡി.എഫിന്). ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫിനു വ്യക്തമായ മുൻതൂക്കം.

മാറിയ ചേർത്തലയും ഉറച്ച പോരാട്ടങ്ങളും

2011-ലാണ് പുതിയ ചേർത്തല മണ്ഡലം നിലവിൽവന്നത്. 2011-ലും 16-ലും വിജയം ഇടതിനൊപ്പംതന്നെ നിന്നു. കഞ്ഞിക്കുഴി, മുഹമ്മ, വയലാർ, തണ്ണീർമുക്കം, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകൾ ചേർന്നതോടെയാണ് ചേർത്തലയിൽ ഇടതുശക്തി കൂടിയത്. എന്നാൽ, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതേ തട്ടകത്തിൽ കെ.സി. വേണുഗോപാലിനു 1,349 വോട്ടിന്റെ ഭൂരിപക്ഷം നൽകി മണ്ഡലം യു.ഡി.എഫിനും പ്രതീക്ഷനൽകി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വിജയത്തിലേക്കു നയിച്ചത് ചേർത്തല നൽകിയ 16,800 വോട്ടിന്റെ ഭൂരിപക്ഷമാണ്.

മികച്ച വിജയം ഉറപ്പാണ്

2019-ലെ ലോക്‌സഭയിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും മികവ് മണ്ഡലത്തിൽ ആവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും റോഡിലും പാലങ്ങളിലും തീരത്തും തെളിയുന്ന മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും അനുകൂല ഘടകമാണ്. രാഷ്ട്രീയസാഹചര്യങ്ങളും കണക്കാക്കുമ്പോൾ മികച്ച ഭൂരിപക്ഷം ഉറപ്പാക്കാനാകും.

എൻ.എസ്. ശിവപ്രസാദ്, എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി

നല്ല ഭൂരിപക്ഷത്തിൽ ജയിക്കും

മണ്ഡലത്തിൽ യു.ഡി.എഫിന് തീർത്തും അനുകൂലമായ സാഹചര്യം. എല്ലാ ബൂത്തുകളിലും പ്രവർത്തകർ ആവേശത്തിലാണ്. യുവാക്കളും തീരദേശവാസികളും സർക്കാർനയങ്ങൾക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും കയർ, കാർഷിക മേഖലയോടുള്ള അവഗണനയും യു.ഡി.എഫ്.വിജയത്തിനു സഹായകമാകും.

കെ.ആർ. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ

മികച്ച നേട്ടമുണ്ടാക്കും

മണ്ഡലത്തിൽ എൻ.ഡി.എ. ചരിത്രത്തിലെ വലിയ മുന്നേറ്റമുണ്ടാക്കും. വയലാറിൽ ആർ.എസ്.എസ്.പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കുന്ന ഇടതു വലതു കക്ഷികളുടെ നിലപാടുകളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

അഭിലാഷ് മാപ്പറമ്പിൽ, എൻ.ഡി.എ. നിയോജകമണ്ഡലം കൺവീനർ

2016-ലെ നിയമസഭാഫലം (ഭൂരിപക്ഷം 7,196)

എൽ.ഡി.എഫ്-81,197

യു.ഡി.എഫ്-74,001

എൻ.ഡി.എ-19,614

2020 തദ്ദേശതിരഞ്ഞെടുപ്പ് (ഭൂരിപക്ഷം-12,866)

എൽ.ഡി.എഫ്.-78,863

യു.ഡി.എഫ്.- 65,997

എൻ.ഡി.എ.-26,135

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് (ഭൂരിപക്ഷം 16,895)

എൽ.ഡി.എഫ്.-83,221

യു.ഡി.എഫ്.- 66,326

എൻ.ഡി.എ.- 22,655