മുഹമ്മ: മുഹമ്മയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും ഈറ്റില്ലമായ കരുണാകര വില്ല എന്ന ചീരപ്പൻചിറ വീട് ഈ തിരഞ്ഞെടുപ്പുകാലത്തും ആളനക്കമില്ലാതെ ശൂന്യമാണ്. എസ്.എൻ.ഡി.പി. യോഗം രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച തറവാട്ടു കാരണവർ കൃഷ്ണപ്പണിക്കരെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. അക്കാലത്ത് മുഹമ്മ ദേശത്തെ പ്രശ്നങ്ങൾ തീർപ്പാക്കിയിരുന്നത് ഈ തറവാട്ടുമുറ്റത്താണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്‌കരിച്ചശേഷം പി. കൃഷ്ണപിള്ളയുടെ പ്രവർത്തനമേഖല ആലപ്പുഴയായിരുന്നു.

പാർട്ടി വിപുലീകരണ കാലം

ചേർത്തല താലൂക്കിൽ പാർട്ടി പ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമത്തിനിടെ പി. കൃഷ്ണപിള്ള ആർ. സുഗതനുമായി ചീരപ്പൻചിറയിലെത്തി. കൃഷ്ണപ്പണിക്കരുടെ മകൻ സി.കെ. കരുണാകരപ്പണിക്കരുമായി സംസാരിച്ച് സംഘടനാ വിപുലീകരണത്തിന് നേതൃത്വംനൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചീരപ്പൻചിറ കുടുംബാംഗമായ വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന കുമാരപ്പണിക്കർ ഇവരുമായി ചർച്ചകൾ നടത്തി. 1939-ൽ പാർട്ടി അംഗമായി. പ്രമുഖ ഇടതുപക്ഷ സഹയാത്രികനായിരുന്ന സി.കെ. ചന്ദ്രപ്പൻ ചീരപ്പൻചിറ കുടുംബത്തിലെ ഇളമുറക്കാരനായിരുന്നു.

പ്രധാന ഒളിത്താവളം

കരപ്പുറത്തെ പാർട്ടിപ്രവർത്തനങ്ങളുടെ ഈറ്റില്ലം ചീരപ്പൻചിറ വീടായിരുന്നു. പ്രധാന കമ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ആർ. സുഗതൻ, കെ.സി. ജോർജ്, പി.ടി. പുന്നൂസ്, ടി.വി. തോമസ്, എ.കെ.ജി., നായനാർ എന്നിവർക്ക് ഒളിവിൽ പാർക്കുന്നതിനുള്ള സൗകര്യം നൽകിയ തറവാടാണിത്. എ.കെ.ജി. അങ്ങനെയാണ് കാരണവരുടെ കൊച്ചുമകളായ സുശീലാ ഗോപാലനുമായി അടുപ്പത്തിലാകുന്നതും ആലപ്പുഴ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിൽവെച്ച് വിവാഹിതരാകുന്നതും.

ഒഴിഞ്ഞ കരുണാകരവില്ല

സുശീലാ ഗോപാലന്റെ ഏക മകളായ ലൈലയെ വിവാഹം കഴിച്ചത് മുൻ എം.പി. പി. കരുണാകരനാണ്. ഇവർ ഇപ്പോൾ കുടുംബസമേതം നീലേശ്വരത്താണ് താമസം. സുശീലാ ഗോപാലന്റെ സഹോദരി സരോജിനിയുടെ കുടുംബവും മകനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജി. വേണുഗോപാലും കുടുംബവും ഇവിടെ താമസിച്ചിരുന്നു.

നിലവിൽ കരുണാകര വില്ല ഒഴിഞ്ഞുകിടക്കുകയാണ്. മാർച്ച്‌ 22-ന് എ.കെ.ജി.യുടെ ചരമദിനത്തിനും ഡിസംബർ 19-ന് സുശീലാ ഗോപാലന്റെ ചരമദിനത്തിനും മാത്രം അല്പസമയം കരുണാകരവില്ല സജീവമാകും.