ആലപ്പുഴ: കുത്തിയതോട് ദേവസ്വംതറയിൽ വീട്ടുപടിക്കലെത്തുമ്പോൾത്തന്നെ അറിയാം തിരഞ്ഞെടുപ്പുചൂട്. മികച്ച ക്ഷീരകർഷകനും അരൂർ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയുമായ ടി. അനിയപ്പന്റെ വീടാണ്.

പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ട്. സ്ഥാനാർഥിക്കൊപ്പംനിന്ന് പ്രവർത്തിക്കുന്നരുടെ നീണ്ടനിരയുണ്ട്. മകൻ അഭയ് കൃഷ്ണൻ പ്രവർത്തനങ്ങൾക്കു മുൻപിലുണ്ട്. സി.എ. വിദ്യാർഥിയാണ്. ‘അച്ഛൻ സ്ഥാനാർഥിയായെന്ന് അറിഞ്ഞപ്പോൾമുതൽ വീട് സജീവമാണ്. പ്രവർത്തകരും കൂട്ടുകാരുമെല്ലാം ഒപ്പംനിന്നു. ഫുൾടൈം ആക്ടീവ് എന്നുതന്നെ പറയാം. അച്ഛന്റെ വിജയത്തിനായി ഇനിയുള്ള ദിവസങ്ങൾ കൂടുതൽ പ്രയത്നിക്കുകയാണു ലക്ഷ്യം’- അഭയ് പറയുന്നു.

ഏറ്റവുംവലിയ സുഹൃത്തുകൂടിയായ അച്ഛനെ ഇപ്പോൾ സ്വതന്ത്രമായി കിട്ടുനിന്നില്ലെന്ന പരാതിയാണ് മകളും പ്ലസ് ടു വിദ്യാർഥിയുമായ ശ്രേയയ്ക്കുള്ളത്. ‘അച്ഛനാണ് ഏറ്റവുവലിയ കൂട്ട്. തിരഞ്ഞെടുപ്പായപ്പോഴേക്കും കണികാണാൻപോലും കിട്ടുന്നില്ല. പുലർച്ചേ അഞ്ചിനു തുടങ്ങുന്ന പ്രവർത്തനമെല്ലാം തീർന്നുവരുമ്പോൾ 12 മണിയൊക്കെ ആകും. ഒരുപാടുസമയം ചെലവഴിക്കാൻ കിട്ടുന്നില്ല’ - ശ്രേയ പറയുന്നു.

തിരഞ്ഞെടുപ്പായപ്പോഴേക്കും വീട്ടിൽ ആരെങ്കിലുമൊക്കെ കാണും. അതുകൊണ്ട് അടുക്കള കൂടുതൽ സജീവമായെന്നാണ് ഭാര്യ ബ്രീസ്‍മോൾ പറയുന്നത്. വരുന്നവർക്ക് എന്തെങ്കിലുമൊക്കെ വെച്ചുനൽകണം. കൂടാതെ കൃഷികാര്യങ്ങളൊക്കെ നോക്കണം. പര്യടനമൊക്കെ തുടങ്ങിയതിൽപ്പിന്നെ അനിയപ്പൻ ഇടയ്ക്കെപ്പോഴെങ്കിലുംവന്ന് എന്തെങ്കിലും കഴിച്ചാലായി. മിക്കദിവസങ്ങളിലും ഏതെങ്കിലും പ്രവർത്തകരുടെ വീട്ടിൽനിന്നായിരിക്കും. എങ്കിലും ഇവിടെ കരുതിയിരിക്കും. അരൂർ മണ്ഡലത്തിലെ സാധാരണക്കാർക്കിടയിൽനിന്ന് പ്രവർത്തിക്കുന്ന ആളായതിനാൽ അനിയപ്പന്റെ വിജയദിവസത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. മികച്ച കർഷകന് മികച്ച ജനപ്രതിനിധിയുമാകാമെന്നാണു കുടുംബം വ്യക്തമാക്കുന്നത്. ഒപ്പം പൂർണപിന്തുണയും കുടുംബം നൽകുന്നു.