തൃശ്ശൂർ: ‘എനിക്ക് ഓർമവെക്കും മുമ്പ് അമ്മയെ നഷ്ടമായി. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ ജയിലിലുമായി. പിന്നെ ദുരിതങ്ങളുടെ ബാല്യം. അന്ന് താങ്ങും തണലുമായത് മേമയാണ്. ഇന്നുവരെ എനിക്ക് ഒരു അമ്മയെപ്പോലെ എന്നും ഒപ്പം ഉണ്ട് ഈ മേമ’ - പാലപ്പെട്ടിയിലെ വീട്ടിൽ അമ്മയുടെ അനുജത്തി നളിനിയെ ചേർത്തുനിർത്തി കൈപ്പമംഗലത്തെ യു.ഡി.എഫ്. സ്ഥാനാർഥി ശോഭ സുബിൻ കുട്ടിക്കാലം മുതൽ താൻ പിന്നിട്ട ജീവിതവഴികളെക്കുറിച്ച് ഉള്ളുതുറന്നു.

സ്കൂളിൽ പഠിക്കുമ്പോൾ മേമ പണിക്കുനിന്ന വീട്ടിൽനിന്നും കിട്ടുന്ന ഭക്ഷണപ്പൊതികൾ കൊണ്ടാണ് പലപ്പോഴും താൻ രാവിലത്തെ വിശപ്പകറ്റിയിരുന്നത്. ശലഭൻ എന്നായിരുന്നു തന്റെ ആദ്യ പേര്. പിന്നെ സ്കൂളിൽ ചേർന്നപ്പോഴാണ് അധ്യാപകർ അമ്മയുടെ പേരായ ശോഭ പേരിനോടൊപ്പം ചേർത്ത് ശോഭ സുബിൻ എന്ന പേരു നൽകിയത്.

സംസാരത്തിനിടെ ആറുമാസം പ്രായമുള്ള മകൾ ശോഭസിയ ഫാത്തിമ ഉറക്കംവിട്ടുണർന്നു. അമ്മ രേഷ്മ എടുത്തെങ്കിലും അവൾ കരച്ചിൽ നിർത്താൻ കൂട്ടാക്കിയില്ല. അച്ഛനെ കണ്ടപാടെ അച്ഛനുനേരെ കൈ നീട്ടി.സുബിെൻറ അമ്മയുടെ പേരായ ശോഭയും രേഷ്മയുടെ അമ്മയുടെ പേരായ ഫാത്തിമയും ചേർത്താണ് കുട്ടിക്ക് പേര് നൽകിയത്. തൃശ്ശൂർ ഗവ. ലോ കോളേജിൽ സുബിനോടൊപ്പം കെ.എസ്.യുവിൽ സജീവ പ്രവർത്തകയായിരുന്നു ഭാര്യ രേഷ്മ.