തൃശ്ശൂർ: തൃശ്ശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, ചാലക്കുടി എന്നിവയാണ് ജില്ലയിൽ തീവ്രമത്സരം നടക്കുന്ന ആറ് മണ്ഡലങ്ങൾ. ഇവിടങ്ങളിലെ മണ്ഡലങ്ങളിൽ ഉണ്ടാകുന്ന ചലനങ്ങളിലൂടെയും ഒഴുക്ക് എങ്ങോട്ടാണെന്ന വിലയിരുത്തലിലൂടെയും ഒരു സഞ്ചാരം

1.തൃശ്ശൂരിൽ ഒരു ചെറിയ കാറ്റ് മതി

ജില്ലയിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലം എന്ന സ്ഥാനം തൃശ്ശൂരിന് നൽകാൻ കാരണം ഇവിടത്തെ ത്രികോണ മത്സരമാണ്. എൽ.ഡി.എഫ്. സ്ഥാനാർഥി പി.ബാലചന്ദ്രനും യുഡി.എഫ്. സ്ഥാനാർഥി പദ്മജ വേണുഗോപാലും എൻ.ഡി.എയുടെ സുരേഷ് ഗോപിയും ഏത് അടിയൊഴുക്കിനേയും നേരിട്ട് നീന്തിക്കയറാൻ കഴിയുന്നവർ തന്നെ. ബാലചന്ദ്രനും പദ്മജയും ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടവരാണ്. അന്നു തോറ്റ പദ്മജയല്ല ഇപ്പോൾ കളത്തിലുള്ളത്.

ബാലചന്ദ്രൻ പഴയ ബാലചന്ദ്രനുമല്ല. പ്രചാരണ രീതികൾ അടിമുടി മാറ്റിയാണ് ഇരുവരും ഇത്തവണ തുഴയാനിറങ്ങിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരയിളക്കം ഉണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയും.

മണ്ഡലത്തിലെ എല്ലായിടത്തും ജനപ്രീതിയുടെ കൈയ്യൊപ്പിട്ട മന്ത്രി സുനിൽകുമാറിന്റെ കൈയും പിടിച്ചുള്ള ബാലചന്ദ്രന്റെ വരവ് എൽ.ഡി.എഫിന് വലിയ മുന്നേറ്റം തന്നെ നൽകിയിട്ടുണ്ട്.

മന്ത്രിയുടെ ജനകീയതയും സ്വീകാര്യതയും, തന്നിലേക്ക് പ്രസരിപ്പിച്ചുള്ള ബാലചന്ദ്രന്റെ പ്രചാരണ ശൈലിതന്നെ ഇതിനടിസ്ഥാനം. സിറ്റിങ് മണ്ഡലം എന്ന മേലങ്കി ഇതിന് ശക്തി പകരുകയും ചെയ്യുന്നു. വേറിട്ട പ്രസംഗ ശൈലി ഇടതു സ്ഥാനാർഥിയെ പെട്ടെന്ന് ശ്രദ്ധേയനാക്കുന്നു.

കഴിഞ്ഞ തവണ മത്സരിക്കാനായി മാത്രം തൃശ്ശൂരിലെത്തി എന്ന ദുഷ്‌പേര് മാറ്റിയാണ് പദ്മജയുടെ വരവ്. കഴിഞ്ഞ അഞ്ചു കൊല്ലവും കോൺഗ്രസിന്റെ പരിപാടികളിൽ നിറഞ്ഞു നിന്നാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. അപ്പോൾ കിട്ടാതെ പോയ ‘കരുണാകരന്റെ മകൾ’ എന്ന വികാരം ഇക്കുറി ഉറപ്പിക്കാൻ പദ്മജക്ക് കഴിഞ്ഞിട്ടുണ്ട്. ഇരു ചേരികളിൽ നിന്നും എത്ര ശക്തിയായ ഓളങ്ങൾ ഉണ്ടായാലും സുരേഷ് ഗോപിയുടെ ‘സ്റ്റാർ വാല്യൂ’ അന്തിമ ജയത്തെ നിർണയിക്കുമെന്ന് വിലയിരുത്തലുമുണ്ട്.

സുരേഷ് ഗോപിയുടെ വരവ് അനുകൂലമാവുമെന്ന് എൽ.ഡി.എഫും എതിരാവുമെന്ന് യുഡിഎഫും എന്ന് തുടക്കത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ, സുരേഷ്‌ഗോപി ശബരിമല വിഷയമാണ് ഇളക്കിവിടുന്നതെങ്കിൽ, അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്ന പോലെ യു.ഡി.എ.ഫിന് അനുകൂലമാവാനാണ് സാധ്യത.

എൽ.ഡി.എഫിനും യുഡിഎഫിനും തുല്യബലമാണ് തൃശ്ശൂരിൽ ഉള്ളത്. അതു കൊണ്ട് തന്നെ ചെറിയൊരു ചാഞ്ചാട്ടം ജയം നിശ്ചയിക്കും.

2.വടക്കാഞ്ചേരിയിൽ ‘കുഴിത്തിര’

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മത്സരതീവ്രതയിലേക്ക് എത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിലേക്ക് പോവും മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടു. അത് തന്നെയാണ് മത്സര തീവ്രത കൂട്ടുന്നതും . ശക്തരായ സ്ഥാനാർഥികൾ കൂടി അണിനിരന്നതോടെ ഒഴുക്കിന് കനം കൂടുന്നു.

ലൈഫ് മിഷൻ ഭവന സമുച്ചയ നിർമാണത്തിൽ കടുത്ത അഴിമതി ഉന്നയിച്ച് അനിൽഅക്കരയും , ഉരുളയ്ക്കുപ്പേരി എന്ന മട്ടിൽ മറുപടി പറഞ്ഞ് എൽ.ഡി.എഫും വടക്കാഞ്ചേരിയിലെ ഒഴുക്കിന് തുടക്കമിട്ടു.

‘വീടുമുടക്കി’ എന്നുള്ള പ്രയോഗം ഒരു സന്ദർഭത്തിൽ അനിൽ അക്കരയെ വല്ലാതെ ഉലച്ചിരുന്നു. അതിനെ പൊളിക്കാൻ വീടു നഷ്ടപ്പെട്ടവരെ നേരിൽ കാണാനുള്ള അവസരം പരസ്യമായി അദ്ദേഹം ഒരുക്കുകയും ചെയ്തു. മണ്ഡലത്തിൽ നിറഞ്ഞു നിന്ന സ്ഥാനാർഥിയാണ് അനിൽ അക്കര എന്നു പറയുമ്പോൾ അത്, വിവാദങ്ങളേയും ആരോപണങ്ങളേയും ചുറ്റിപ്പറ്റിയായിരുന്നു എന്നതാണ് വാസ്തവം. വികസന പ്രവർത്തനവും ജനകീയതയും അത്ര ശോഭിച്ചില്ല എന്നാണ് വിമർശകരുടെ നിരീക്ഷണം.

സ്ഥാനാർഥിയായി സേവ്യർ ചിറ്റിലപ്പള്ളി വന്നപ്പോൾ തന്നെ തങ്ങൾ ജയിച്ചു എന്നാണ് എൽ.ഡി.എഫ്. ക്യാമ്പിന്റെ വിശ്വാസം. അനിൽ അക്കരയുടെ ആരോപണ ശരങ്ങൾ സേവ്യറിനു നേരെ തിരിച്ചുവെക്കാൻ കഴിയില്ല. മറിച്ച് അനിൽ അക്കരയ്ക്ക് എതിരേയുള്ള ആരോപണങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു. അക്കാര്യത്തിൽ എൽ.ഡി.എഫിന് ഒരു മേൽക്കൈ ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും.

എന്നാൽ എല്ലാ മണ്ഡലവും കൈവിട്ടപ്പോൾ പിടിച്ചു നിന്നയാൾ എന്ന അനുകൂല ഘടകം അനിലിനുണ്ട്. സാധാരണക്കാരനായ സ്ഥാനാർഥി എന്ന പിന്തുണയും ഉണ്ട്. കോൺഗ്രസ് വോട്ടുകൾ പൂർണമായി അനിലിനു കിട്ടുമോ , സമുദായ വോട്ടുകൾ ഇരു സ്ഥാനാർഥികൾക്കും എങ്ങനെ വിഭജിക്കപ്പെടും , ബി.ജെ.പി. സ്ഥാനാർഥി ഉല്ലാസ് ബാബു പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണമാവും എന്നീ ഘടകങ്ങളാവും വടക്കാഞ്ചേരിയിലെ അവസാന ഫലത്തെ നിശ്ചയിക്കുക.