ചിറ്റൂർമേഖലയിൽ ദേവാങ്കപുരം കൈത്തറി ജനഹൃദയങ്ങളിൽ വേരോടിയ വ്യവസായമായിരുന്നു.

800ഓളം കൈത്തറികൾ പ്രവർത്തിച്ചിരുന്ന ഗ്രാമം ഇപ്പോൾ ഓർമയിലാകുന്നു.

ദേവാങ്കപുരത്തിലൂടെ കടന്നുപോകുമ്പോൾ കേൾക്കുന്ന കൈത്തറിയുടെ കിലുകിലാ ശബ്ദവും ഓടത്തിന്റെ ഓട്ടവും നിലച്ചിട്ട് വർഷങ്ങളായി. ഇന്ന് വിരലിലെണ്ണാവുന്ന കൈത്തറിയേ ദേവാങ്കപുരത്ത് പ്രവർത്തിക്കുന്നുള്ളൂ..

ഈ തൊഴിൽ നിലച്ചപ്പോൾ വഴിമുട്ടിയത് 600 ഓളം കുടുംബങ്ങളുടെ ജീവിതമാർഗമാണ്. ജില്ലയിൽത്തന്നെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കൈത്തറിഗ്രാമങ്ങൾ ഇന്ന് നിർജീവമാണ്.

ഈ രംഗത്ത് പ്രവർത്തിച്ചിരുന്നവർ ജീവിക്കാൻ മറ്റ്‌ മേഖലകളിലേക്ക് ചേക്കേറിയിരിക്കുന്നു.

കൈത്തറിവസ്ത്രങ്ങൾ വാങ്ങിയിരുന്ന സംഘങ്ങൾ പലതും പൂട്ടി. സർക്കാർ റിബേറ്റ്, സംഘങ്ങൾക്ക് കൊടുക്കാതെ കുടിശ്ശിക വരുത്തിയപ്പോൾ കൈത്തറിത്തൊഴിലാളികൾക്ക് തണലായിരുന്ന പല സംഘങ്ങളുടെയും പ്രവർത്തനം നിലച്ചു. ഉള്ളവയുടെ പ്രവർത്തനം നാമമാത്രമായതോടെയാണ് കൈത്തറിമേഖല തകരാനിടയായത്,

മലയാളിയുടെ സംസ്‌കാരത്തിന്റെ ഒരുഭാഗം കൂടിയാണ് കൈത്തറിവസ്ത്രങ്ങൾ. ലാളിത്യവും ഭംഗിയും ഗുണമേന്മയും കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേകതയാണ്,

ഈ പരമ്പരാഗത തൊഴിൽ നിലനിർത്തി കൈത്തറിവ്യവസായത്തിന് പുനർജീവൻ നൽകാൻ സർക്കാരും വ്യവസായവകുപ്പും മുന്നോട്ടുവന്നാൽ കൈത്തറിവ്യവസായത്തിന് ഊർജംനൽകാൻ കഴിയുമെന്ന് ദേവാങ്കപുരത്തെ പ്രസിദ്ധ കൈത്തറിവ്യവസായ രംഗത്തുള്ള വ്യവസായി ആർ.ജി. ഗുരുസ്വാമി പറഞ്ഞു.

ഇന്ന് ചിറ്റൂർമേഖലയിൽ അവശേഷിച്ചിട്ടുള്ള കൈത്തറികളിൽ പ്രവർത്തിക്കുന്നവർ പട്ടുസാരികളാണ് നിർമിക്കുന്നത്. കാഞ്ചീപുരം പട്ടിനെ വെല്ലുന്ന സാരികളാണിവ.

തമിഴ്‌നാട്ടിലെ സത്യമംഗലം, ഉദുമൽപ്പേട്ട, ഈറോഡ്, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്ന് പട്ടുസാരികൾ നിർമിച്ച് നൽകുന്നു. അതിനുവേണ്ട ഉപകരണങ്ങൾ നൽകുന്നത് തമിഴ്‌നാട്ടില വൻകിട വ്യാപാരികളാണ്. സാരി നിർമിക്കുന്നതിനുള്ള ഉപകരണങ്ങളോടൊപ്പം ഇവർ കൂലിയും നിശ്ചയിച്ച് നൽകുന്നു.

ജില്ലയിലെ പ്രധാന കൈത്തറിമേഖലകളായ കുത്താമ്പുള്ളിയിലേക്കും കല്ലൻചിറയിലേക്കും മറ്റും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും ചിറ്റൂരിൽനിന്നാണ് ഉത്പാദിപ്പിച്ച് നൽകിവന്നിരുന്നത്...

കൈത്തറികളിലൂടെ ഇപ്പോൾ സെറ്റ് മുണ്ടുകളോ ഉടുമുണ്ടുകളോ ഉത്പാദിപ്പിക്കുന്നില്ല. അവയെല്ലം യന്ത്രത്തറികളിലൂടെയാണ് നിർമിക്കുന്നത്.

കൈത്തറിമേഖല തകരാതെ നിലനിൽക്കുന്നതിൽ കുത്താമ്പുള്ളിയിലെയും കല്ലൻചിറയിലെയും കൈത്തറി ഉത്പാദകരാണെന്ന് ആർ.ജി. ഗുരുസ്വാമി പറഞ്ഞു.

എത്രയുംവേഗം സംഘങ്ങളുടെ കുടിശ്ശികതീർത്ത് പൂട്ടിയ സംഘങ്ങളെല്ലാം തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ തയ്യാറായാൽ ഈ പരമ്പരാഗതതൊഴിൽ നശിക്കാതെ നിലനിൽക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.