ചിറ്റൂരിലെ തനതായ ഉത്സവമാണ് കൊങ്ങൻപട രണോത്സവം. ചിറ്റൂർകാർക്ക് മറ്റൊരു തിരുവോണമാണിത്. ഉത്സവലഹരിയിലായ ചിറ്റൂരിലേക്ക് തിങ്കളാഴ്ച ഉച്ചമുതൽ നാനാവഴികളിലൂടെയും പതിനായിരങ്ങൾ ചിറ്റൂരിൽ ഒഴുകിയെത്തുന്നത് ഈ ഉത്സവത്തിന്റെമാത്രം പ്രത്യേകതയാണ്. നൂറ്റാണ്ടുകളായി മുടക്കംകൂടാതെ ആഘോഷിച്ച ഈ ഉത്സവത്തിന് കോവിഡ് വിലക്ക്.

ഇക്കുറി ആഘോഷങ്ങളില്ലാതെ കീഴ്‌വഴക്കാചാരങ്ങളിലൊതുക്കി നടത്താൻ നടത്തിപ്പുകാർ നിർബന്ധിതരായിരിക്കുന്നു. ആഘോഷങ്ങളില്ലാത്ത കൊങ്ങൻപട ചിറ്റൂർകാർക്ക് പുതിയ അനുഭവമായിരിക്കുന്നു.

ക്ഷേത്രനടയിൽ മേളങ്ങളും ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള എഴുന്നള്ളിപ്പും മാത്രമായി ചുരുങ്ങുന്നു. ചിലമ്പും പ്രശ്‌നപരിഹാര ചടങ്ങായ കണ്യാറും നടന്നു.

കുമ്മാട്ടി ചമ്പത്ത് തറവാട്ടിൽനിന്നുള്ള ഉടയാടകൾ ധരിച്ചുള്ള ദേവിയുടെ പടപ്പുറപ്പാട്, അരിമന്ദത്തുകാവിൽ യുദ്ധം, ഈഴവവേല, തട്ടിമ്മേൽ കൂത്ത്, പഞ്ചവാദ്യമേള അകമ്പടിയോടെ ഗജവീരന്മാരുടെ എഴുന്നള്ളിപ്പ്, തോട്ടിവേല, കോലക്കുട്ടികളുമായി ചിറ്റൂർ കാവിലേക്ക് എഴുന്നള്ളിപ്പ്, കൊങ്ങന്റെ ഓലവായന, ഇതൊക്കെ ഇക്കുറി ഉണ്ടാവില്ല.

അടുത്ത കൊങ്ങൻപട മികവുറ്റതാക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ...