മലപ്പുറം: വോട്ടുചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം ഇത്തവണ ഗണ്യമായി കുറയും. കോവിഡ് കാരണം മിക്കവർക്കും നാട്ടിലെത്താൻ കഴിയാത്തതാണ് കാരണം.

2021 ജനുവരി 20-ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ 90,709 പ്രവാസികളുണ്ട്. അതിനുശേഷം മാർച്ച് ഒമ്പതുവരെ ഓൺലൈനായി അപേക്ഷിച്ചവർക്കും വോട്ടവകാശമുണ്ടാകും. സാധാരണ ഈ ഘട്ടത്തിൽ ഒട്ടേറെ പ്രവാസികൾ പേരുചേർത്ത് വോട്ടുചെയ്യാനെത്താറുണ്ട്. ഇത്തവണ 5478 പ്രവാസികൾ മാത്രമാണ്‌ പുതുതായി അപേക്ഷിച്ചത്‌. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 37,120 പേർ അപേക്ഷിച്ചിരുന്നു.

കേരളത്തിൽ ഏറ്റവുമധികം പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ 339 പേർ മാത്രമാണ് അപേക്ഷിച്ചത്. കോഴിക്കോടാണ് കുറച്ചെങ്കിലും ഭേദം. അവിടെ 2673 അപേക്ഷകരുണ്ട്. കണ്ണൂർ-942, തൃശ്ശൂർ-316, കാസർകോട്-103, എറണാകുളം-172, പത്തനംതിട്ട-248, തിരുവനന്തപുരം-161, കൊല്ലം-155, ആലപ്പുഴ-110, കോട്ടയം-106, ഇടുക്കി-23, പാലക്കാട്-88, വയനാട്-42 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകർ. കൃത്യമായ വിവരങ്ങളും രേഖകളും സമർപ്പിക്കാത്ത പകുതിയോളം അപേക്ഷകൾ ഇതിനകം തള്ളി.