തിരുവനന്തപുരം: ശബരിമല ആചാരലംഘന വിഷയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നയമാണെന്ന് മീനാക്ഷി ലേഖി എം.പി. കേരളത്തിനുപുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റും അഴിമതിനാണയത്തിന്റെ രണ്ടുവശങ്ങളാണ്. പുറമേ ശത്രുക്കളായി ഭാവിച്ച് ഭരണത്തിലേറുമ്പോൾ പരസ്പരം സഹായിക്കുകയാണ്. ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രചാരണാർഥം തലസ്ഥാനത്ത് എത്തിയതായിരുന്നു അവർ.

പ്രളയം വന്നപ്പോൾ കന്നി അയ്യപ്പന്മാർ മല ചവിട്ടിയില്ലെന്നും അതിനാൽ അയ്യപ്പൻ ബ്രഹ്മചര്യവ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തെന്നും പ്രചരിപ്പിച്ചത് സി.പി.എം. എം.എൽ.എ.യായ എം. സ്വരാജാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.പി.എമ്മുകാർ ശബരിമലയ്ക്കും അയ്യപ്പനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നത് ഹിന്ദുക്കളുടെ വോട്ടിനുവേണ്ടി മാത്രമാണ് -മീനാക്ഷി ലേഖി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ജോലിചെയ്തിരുന്ന സ്വപ്നയ്ക്ക് സ്വർണ-ഡോളർ കടത്തിൽ നേരിട്ട് ബന്ധമുണ്ട്. സ്വപ്നയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനും യു.എ.ഇ. കോൺസുലേറ്റിലെ ചില ഉന്നതർക്കും ഇതുമായി ബന്ധമുണ്ട്. ഇതൊക്കെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ നടക്കില്ല.

ബി.ജെ.പി.യിലേക്കുവരാൻ തയ്യാറുള്ള നേതാക്കളുമായി ചർച്ച നടത്തിയ കാര്യം മീനാക്ഷി ലേഖി സ്ഥിരീകരിച്ചു.