തിരുവനന്തപുരം: പുന്നപ്ര-വയലാർ രക്തസാക്ഷികളെ അപമാനിച്ച ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാർഥിയുടെ നടപടി പ്രാകൃതവും പ്രകോപനപരവുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.

പുന്നപ്ര-വയലാർ രക്തസാക്ഷികളും പി. കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി. സ്ഥാനാർഥി അതിക്രമം കാട്ടിയത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. സി.പി.എം., സി.പി.ഐ. ജില്ലാ സെക്രട്ടറിമാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിക്രമിച്ചു കയറി രക്തസാക്ഷി മണ്ഡപത്തിലേക്ക് പൂക്കൾ വലിച്ചെറിഞ്ഞ് ‘ജയ് ശ്രീറാം’ വിളിച്ച നടപടി ചരിത്രത്തെയും രക്തസാക്ഷികളെയും അപമാനിക്കലാണ്. ഇത് നിയമവിരുദ്ധവുമാണ്.

മഹാത്മാഗാന്ധിയുടെ ഘാതകനായ ഗേഡ്‌സേക്ക് ക്ഷേത്രം പണിയുന്ന പാർട്ടിയുടെ പ്രതിനിധി കേരളത്തിന്റെ മണ്ണിൽ പുന്നപ്ര-വയലാർ രക്തസാക്ഷികളെ അപമാനിക്കാൻ തുനിഞ്ഞത് ബി.ജെ.പി. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നും സി.പി.എം. പ്രസ്താവനയിൽ പറഞ്ഞു.

സി.പി.എം. പ്രവർത്തകരുടെ ജാഗ്രത കാരണമാണ് അവിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാത്തതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. സംഭവത്തെക്കുറിച്ച് ബി.ജെ.പി. കേന്ദ്ര നേതാക്കളുടെ അഭിപ്രായമറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.