തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കാർഷികമേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രകടനപത്രിക. പ്രാദേശിക ഉത്‌പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം നടപ്പാക്കും. കാർഷികയന്ത്രങ്ങൾക്കായി നാലുശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഒരു ഹെക്ടറിൽ താഴെയുള്ള റബ്ബർ കർഷകർക്ക് ആവർത്തനകൃഷിക്ക് പലിശരഹിത വായ്പ നൽകും. അർഹരായ എല്ലാവർക്കും പട്ടയം നൽകും.

മത്സ്യബന്ധന ബോട്ടുകൾ, കെ.എസ്.ആർ.ടി.സി. അടക്കമുള്ള യാത്രാ ബസുകൾ, ഓട്ടോറിക്ഷകൾ, ഉടമകൾ ഓടിക്കുന്ന ടാക്‌സികൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിലും ഇന്ധനസബ്‌സിഡിയിലും ഇളവ്‌ ലഭ്യമാക്കും.

ഓട്ടോ, ടാക്‌സി തൊഴിലാളികൾക്ക് ഇൻഷുറൻസ് നടപ്പാക്കും. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തും. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കും. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശനിവാസികൾക്കും പട്ടയം നൽകും. സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിനുപോകാൻ സാധിക്കാത്ത ദിവസങ്ങളിൽ പ്രത്യേക വേതനസഹായം ലഭ്യമാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വർഷം മുഴുവൻ റേഷൻ ആശ്വാസം ലഭ്യമാക്കും.

പീഡനക്കേസുകളിൽ വീഴ്ചവരുത്തിയാൽ നടപടി

കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകളിൽ അന്വേഷണത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികൾക്കായി നിയമനിർമാണം നടത്തും. ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപവത്‌കരിക്കും. ഭൂപതിവ് ചട്ടങ്ങൾ പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള നിർമാണ നിരോധനം പിൻവലിക്കും. വിദേശ, സ്വദേശ കമ്പനികൾ അനധികൃതമായി കൈവശംവെച്ചിട്ടുള്ള 5.5 ലക്ഷത്തോളം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്തും. ഭൂമി നിയമാനുസൃതമായി ദളിത്, ആദിവാസി വിഭാഗങ്ങൾക്കും മറ്റ്‌ അർഹരായ ഭൂരഹിതർക്കും നൽകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കെ. കരുണാകരന്റെയും പരിയാരം മെഡിക്കൽ കോളേജിന് എം.വി. രാഘവന്റെയും പേര് നൽകും.

കടുത്ത വൈകല്യങ്ങളുള്ള കുട്ടികളുടെയും കിടപ്പുരോഗികളുടെയും രക്ഷകർത്താക്കളുടെ രണ്ടു ലക്ഷംവരെയുള്ള വായ്പകൾ എഴുതിത്തള്ളും.

പി.എസ്.സി. പരിഷ്‌കരിക്കും

പി.എസ്.സി.യുടെ സമ്പൂർണ പരിഷ്‌കരണത്തിനായി നിയമനിർമാണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും നിയമന ഉപദേശ മെമ്മോകൾ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവർക്കെതിരേയും യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരേയും അച്ചടക്കനടപടിക്ക് നിയമം നടപ്പാക്കും. പോലീസിലേക്ക് പ്രതിവർഷ റിക്രൂട്ട്‌മെന്റ് സമ്പ്രദായം പരിഷ്‌കരിക്കും.

വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കും. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം. തിരുവനന്തപുരം, കോഴിക്കോട് മെട്രോ/ലൈറ്റ് മെട്രോ റെയിൽ പദ്ധതി നടപ്പാക്കും.