കൊച്ചി: പൊതുജനാരോഗ്യത്തെ ബാധിക്കുംവിധം നിലവാരമില്ലാത്ത കുപ്പിവെള്ളവും ഐസും വിതരണം ചെയ്യുന്നില്ലെന്ന്‌ അധികൃതർ ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി. സംസ്ഥാനത്ത്‌ കുപ്പിയിലുൾപ്പെടെ പായ്ക്കുചെയ്ത്‌ വെള്ളവും ഐസ്‌കട്ടയും ഉത്‌പാദിപ്പിക്കുന്ന പ്ലാന്റുകൾക്ക്‌ നിർദിഷ്ട അനുമതികളും അംഗീകാരവും ഗുണനിലവാരമുദ്രയും ഉണ്ടെന്ന്‌ ഉറപ്പാക്കണം. അതിനായി പതിവായി പരിശോധന നടത്തണമെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌. മണികുമാറും ജസ്റ്റിസ്‌ ഷാജി പി. ചാലിയുമുൾപ്പെട്ട ഡിവിഷൻബെഞ്ച്‌ വ്യക്തമാക്കി.

പുതിയ ലൈസൻസ്‌ നൽകുമ്പോൾ നിർദിഷ്ടനിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കണം. അനുമതികളെല്ലാം കിട്ടിയശേഷമേ പ്രവർത്തനം അനുവദിക്കാവൂ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പല പ്ലാന്റുകളും മലിനജലം ഉപയോഗിക്കുന്നുണ്ടെന്ന പൊതുതാത്‌പര്യഹർജി തീർപ്പാക്കിയാണ്‌ കോടതിയുടെ ഉത്തരവ്‌. കോട്ടയം പെരുന്നയിലെ ഹ്യൂമൻ റൈറ്റ്‌സ്‌ മിഷൻ നൽകിയ ഹർജിയാണ്‌ കോടതി പരിഗണിച്ചത്‌.

കുടിവെള്ളം കുപ്പിയിലും മറ്റും പായ്ക്കുചെയ്യുന്ന സ്ഥാപനങ്ങൾ കുടിൽവ്യവസായംപോലെ വ്യാപകമാവുകയാണെന്നാണ്‌ ഹർജിക്കാരൻ ബോധിപ്പിച്ചത്‌. സംസ്ഥാനത്ത്‌ 106 പ്ലാന്റുകൾ പായ്ക്കുചെയ്ത കുടിവെള്ളമോ ഐസോ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. പലതിനും ഭൂഗർഭജല അതോറിറ്റിയുടെയോ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേഡ്‌സിന്റെയോ ആരോഗ്യവകുപ്പിന്റെയോ അംഗീകാരമില്ല. അനധികൃത പ്ലാന്റുകളുടെ പ്രവർത്തനം തടയാൻ നടപടിയെടുക്കുന്നുമില്ല. ഇനിയും 20 പ്ലാന്റുകൾക്കുകൂടി ലൈസൻസ്‌ പരിഗണനയിലുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ ആക്ഷേപം.

ഭക്ഷ്യസുരക്ഷാ അതോറിറ്റി, ബിസ്‌ മുദ്ര തുടങ്ങിയവ ഇല്ലാത്ത സ്ഥാപനങ്ങളുടെപേരിൽ ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം യഥാസമയം നടപടിയെടുക്കുന്നുണ്ടെന്ന്‌ സർക്കാർ ബോധിപ്പിച്ചു. നിലവാരമുദ്ര ഇല്ലാത്തതും അനധികൃതമായി മുദ്ര ഉപയോഗിക്കുന്നതുമായ സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുക്കുന്നുണ്ടെന്ന്‌ ബിസ്‌ അധികൃതരും അറിയിച്ചു. അതുൾപ്പെടെ പരിശോധിച്ചാണ്‌ ഹൈക്കോടതി ഉത്തരവ്‌.