തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതോടെ സംസ്ഥാനത്ത് ഒരാഴ്ചയായി രോഗസ്ഥിരീകരണ നിരക്ക് ഏതാണ്ട് ദേശീയ ശരാശരിക്കൊപ്പമായി. 100 പരിശോധനകൾ നടത്തുമ്പോൾ 3.37 പേർക്കാണ് സംസ്ഥാനത്ത് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. ദേശീയ തലത്തിൽ ഇത് 3.22 ശതമാനമാണ്.

കാൽ ലക്ഷത്തോളം പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിലുണ്ട്. കോഴിക്കോട്, എറണാകുളം, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് കൂടുതൽ. വയനാട്ടിലാണ് രോഗികൾ കുറവ്. ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തോളം കുറഞ്ഞ്‌ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇതുസംബന്ധിച്ച ഗ്രാഫ് അതിവേഗം താഴ്ന്നുതുടങ്ങിയത്.

ചികിത്സയിലുള്ളവരുടെ എണ്ണം ഇപ്പോൾ കഴിഞ്ഞ സെപ്റ്റംബറിലേതിനു സമാനമാണ്. സെപ്റ്റംബർ മധ്യത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽലക്ഷത്തോളമായിരുന്നത് പിന്നീട് ക്രമാതീതമായി ഉയരുകയായിരുന്നു.

രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് നിലവിൽ ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്. 1.9 ശതമാനം. കഴിഞ്ഞമാസം എട്ടുശതമാനം വരെയുണ്ടായിരുന്ന പത്തനംതിട്ടയിൽ ഇപ്പോൾ 4.4 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് രാജ്യത്ത് 1.38 ശതമാനമാണ്. സംസ്ഥാനത്ത് ഇത് 0.41 ശതമാനം മാത്രമാണ്.

19.51 ലക്ഷം പേർ ഇതിനോടകം ആദ്യ ഡോസ് പ്രതിരോധമരുന്ന് സ്വീകരിച്ചുകഴിഞ്ഞു. 3.40 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. പ്രതിരോധ മരുന്നുവിതരണ നിരക്കിൽ സംസ്ഥാനം മുന്നിലെത്തിക്കഴിഞ്ഞു. പത്തുലക്ഷത്തിൽ 61,909 പേർക്ക് മരുന്ന് നൽകാനായി. തൊട്ടുപിന്നാലെയുള്ള ഗുജറാത്തിൽ ഇത് 49,541-ഉം രാജസ്ഥാനിൽ 46,020-ഉം പേർക്കാണ് പ്രതിരോധ മരുന്ന് നൽകിയത്.