തൃശ്ശൂർ: നിത്യേന ഉപയോഗിക്കേണ്ടതടക്കമുള്ള 41 മരുന്നിനങ്ങളെക്കൂടി വിലനിയന്ത്രണത്തിലാക്കി. ഹൃദ്രോഗം, രക്തസമ്മർദം എന്നിവയ്ക്കുപുറമേ അണുബാധ, മാനസിക സമ്മർദം, ഉത്‌കണ്ഠ എന്നിവയ്ക്കെതിരേയുള്ള പ്രമുഖ കമ്പനികളുടെ മരുന്നുകളാണ് പുതിയ പട്ടികയിൽ. ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ കഴിഞ്ഞ യോഗത്തിലാണ് തീരുമാനം.

നിലവിൽ വിലകൾ നിയന്ത്രിക്കപ്പെട്ടിട്ടുള്ള രാസമൂലകങ്ങൾ ചേർന്ന മരുന്നുസംയുക്തങ്ങളെയാണ് ഇപ്പോൾ നിയന്ത്രണപ്പട്ടികയിലാക്കിയത്. ഇത്തരം മൂലകങ്ങൾക്കൊപ്പം പുതിയ ചേരുവ കൂട്ടിച്ചേർത്ത് പുതിയ മരുന്നുകൾ വിപണിയിലിറക്കുന്ന രീതി ഏറെക്കാലമായി പരീക്ഷിക്കപ്പെടുന്നതാണ്. കുറുക്കുവഴികളിലൂടെ വിലനിയന്ത്രണം മറികടക്കാനുള്ള ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാൻ നിയന്ത്രണം ഓരോ ബ്രാൻഡുകളുടെ അടിസ്ഥാനത്തിലും നടപ്പാക്കുകയാണ് അടുത്ത കാലത്തായി അധികൃതർ.

ഉയർന്ന രക്തസമ്മർദം കുറയ്ക്കാനായി പല രോഗികൾക്കും ഉപയോഗിക്കുന്ന ടെൽമിസാർട്ടൻ പ്രധാന ചേരുവയായ ഒൻപത് സംയുക്തങ്ങളെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.