തൃശ്ശൂർ: ലോക്ഡൗണിൽ ബെംഗളൂരുവിലെ െഎ.ടി. കമ്പനി അവസാനിപ്പിച്ച് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയ ഭാസിരാജിനോട് അച്ഛൻ ഭാസ്‌കരവാര്യർ പറഞ്ഞു- കുടുംബത്തിൽ ഇപ്പോൾ‍‍ എല്ലാവരും ഒന്നിച്ചുണ്ട്. കലകൾ ആസ്വദിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന എന്തെങ്കിലും ചെയ്യണം. കലാകാരന്മാർക്ക് പ്രതിഫലം നൽകി പരിപാടി അവതരിപ്പിക്കാൻ അവസരമൊരുക്കുക എന്ന ആശയത്തിലേക്കാണ് ഇതെത്തിയത്. ഇത് യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുക. അതുവഴി കലാകാരന്മാർക്ക് മറ്റിടങ്ങളിലും പരിപാടി കിട്ടാൻ അവസരവുമൊരുക്കുക. ഇതായിരുന്നു അറയ്ക്കൽ പിഷാരം എന്ന ‘രാജ്ഭവൻ’ കുടുംബത്തിന്റെ പദ്ധതി.

കഴിഞ്ഞ മേയിൽ കുടുംബം ഭരതം എന്റർടെയിൻ‍മെന്റ് എന്ന കമ്പനി തുടങ്ങി. കെട്ടിടം വാടകയ്ക്കെടുത്ത് ഏഴുലക്ഷം മുടക്കി കൂത്തമ്പലമാതൃകയിൽ സ്റ്റേജ്‌ ഉൾപ്പെടെയുള്ള സ്റ്റുഡിയോ ഒരുക്കി. റെക്കോഡിങ്ങിനും മിക്സിങ്ങിനും ചാനൽ അപ്‍ലോഡിങ്ങിനുമായി സംവിധാനങ്ങൾ വാങ്ങി. നാട്ടുകാരായ കലാകാരന്മാരെ സ്റ്റുഡിയോയിലെത്തിച്ച് കലാപരിപാടികൾ നടത്തി. അതിന് പ്രതിഫലം നൽകി. ഇത് ഭരതം എന്റർടെയിൻ‍മെന്റ് എന്ന യൂട്യൂബ് ചാനലിൽ കാണിച്ചു.

മേയ് മുതൽ ഇതുവരെ നടത്തിയത് 50 കലാപരിപാടികൾ. കഥകളി മുതൽ കഥകും പറയൻതുള്ളലും വരെ. പ്രതിഫലമായി നൽകിയത് നാലുലക്ഷത്തോളം. യൂട്യൂബ് ചാനലിൽനിന്ന് ഒന്നും കിട്ടിയതുമില്ല. അത് പ്രതീക്ഷിച്ചല്ല പദ്ധതി തുടങ്ങിയതും തുടരുന്നതും.

എം.സി.എ. പാസായശേഷം ഭാസിരാജ് 14 വർഷമായി ബെംഗളൂരുവിൽ ഭരതം െഎ.ടി. സൊലൂഷൻസ് എന്ന സോഫ്‌റ്റ്‌വേർ കന്പനി നടത്തുകയായിരുന്നു. ലോക്‌ഡൗണിൽ അത് നിർത്തി ഇരിങ്ങാലക്കുടയിൽ തുടങ്ങി. ഇപ്പോൾ കമ്പനിയിൽ 13 ജീവനക്കാരുണ്ട്. േസാഫ്‌റ്റ്‌വേർ വികസിപ്പിച്ച് മോശമല്ലാത്ത വരുമാനം നേടുന്നുണ്ട്.

അനിയൻ ഉണ്ണിരാജ് നാട്ടിൽ ഹാർഡ്‌വേർ എൻജിനീയറാണ്. അച്ഛൻ വിദേശത്ത് വൻകിട കമ്പനിയിലായിരുന്നു. അമ്മ രാജലക്ഷ്‌മി കോടതി ജീവനക്കാരിയായിരുന്നു.

ശനിയാഴ്‌ചകളിലാണ് പരിപാടി. അന്ന് െഎ.ടി. കന്പനിക്ക് അവധി നൽകും. ജീവനക്കാർക്കും കലാപരിപാടി കാണാം. കാഴ്‌ചക്കാരായി ഭാസിരാജിന്റെ ഭാര്യ സോഫ്‌റ്റ്‌വേർ എൻജിനീയറായ കാന്തിമതിയും മകൾ യുക്തയും ഉണ്ടാകും. ഉണ്ണിരാജിന്റെ ഭാര്യ ആയുർവേദ ഡോക്ടർ പ്രിയയും വേദാദിത്യയും ഉണ്ടാകും. കലാകാരന്മാർക്കും സന്തോഷം. ഇൗ കുടുംബത്തിനും സന്തോഷം.