ആലപ്പുഴ: ഒരു ഡോർമെറ്ററിയിൽ പത്തുപേരിൽക്കൂടുതൽ പാടില്ലെന്നതുൾപ്പെടെ മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള ക്ഷേമസ്ഥാപനങ്ങളുടെ നടത്തിപ്പിന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു.

താമസത്തിനെത്തുന്ന വയോജനങ്ങളുടെ പൂർണവിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഡോർമെറ്ററി, കുളിമുറി, ശൗചാലയം എന്നിവ വയോജന സൗഹൃദവും സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ആയിരിക്കുകയും വേണം. ദമ്പതിമാരാണെങ്കിൽ പ്രത്യേകമുറി നൽകണം. റേ‍ഡിയോ, ടി.വി., പത്രം എന്നിവ ഉറപ്പുവരുത്തണം. നൽകുന്ന ഭക്ഷണങ്ങളുടെ വിവരം താമസക്കാരെ അറിയിക്കുകയും താമസക്കാർ ആവശ്യപ്പെടുന്ന പ്രത്യേകഭക്ഷണം നൽകുകയും വേണം. വിനോദങ്ങൾക്കായി സൗകര്യമുണ്ടായിരിക്കണം.

താമസക്കാർ കൊണ്ടുവരുന്ന സാധനങ്ങളുടെ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം. സ്വർണാഭരണങ്ങളുടെ വിവരം പ്രത്യേകം രേഖപ്പെടുത്തണം. മരണശേഷം സംസ്കാരം എങ്ങനെയായിരിക്കണമെന്നതിെനക്കുറിച്ച് താമസക്കാർ പറയുന്നതുപോലെ ചെയ്യണം. പേ ഹോമുകളിൽ നൽകുന്ന സേവനങ്ങൾ അടിസ്ഥാനമാക്കിവേണം പ്രതിമാസത്തുക കണക്കാക്കേണ്ടത്. പ്രതിമാസതുകയും നിക്ഷേപവും സംബന്ധിച്ചുള്ള കാര്യങ്ങൾ ഗവേണിങ് ബോഡി കൂടി തീരുമാനിക്കണം. പ്രതിമാസത്തുക മുൻകാല പ്രാബല്യത്തോടുകൂടി ഈടാക്കാൻ പാടില്ല.

പരാതിപ്പെട്ടികൾ സ്ഥാപിക്കണം. താമസക്കാരുടെ മരണശേഷം ശരീരം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്താലും ഇല്ലെങ്കിലും മരണം രജിസ്റ്റർ െചയ്തിരിക്കണം. ഡോക്ടർ, നഴ്സ്, കെയർ ടേക്കർ എന്നിവരുടെ സേവനം ഉറപ്പാക്കണം. താമസക്കാർക്ക് ഏതെങ്കിലുംതരത്തിലുള്ള പരാതിയുണ്ടെങ്കിൽ ജില്ലാ സാമൂഹികനീതി ഓഫീസർ, ഓർഫനേജ് കൺട്രോൾ ബോർഡ്, ഓർഫനേജ് കൗൺസിലർ എന്നിവരെ അറിയിക്കണം.