ആലപ്പുഴ: ആധാർ-റേഷൻ കാർഡ് ബന്ധിപ്പിക്കൽ വിഷയത്തിൽ മറ്റുപല സംസ്ഥാനങ്ങളും സുപ്രീംകോടതി കയറുമ്പോൾ ഇതിന്റെപേരിൽ ഒരുറേഷൻ കാർഡുപോലും റദ്ദാകാതിരുന്ന കേരളത്തിന് ആശ്വാസം.

ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെപേരിൽ രാജ്യത്ത് മൂന്നുകോടി റേഷൻകാർഡുകളാണ് റദ്ദാക്കിയത്. ഇത് ഗൗരവമുള്ളതാണെന്നുകണ്ടെത്തി കേന്ദ്രസർക്കാരിനോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി കഴിഞ്ഞദിവസം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആധാർ ബന്ധിപ്പിക്കാത്തതിന്റെപേരിൽ ആരുടെയും കാർഡ്‌ റദ്ദാക്കാനോ റേഷൻ നിഷേധിക്കാനോ പാടില്ലെന്നു സംസ്ഥാനം നേരത്തേതന്നെ നിലപാടെടുത്തിരുന്നു. ഇതാണിപ്പോൾ ഗുണമായത്.

സംസ്ഥാനത്ത് 90.04 ലക്ഷം റേഷൻ കാർഡുകളിലായി 3.57 കോടിയാളുകളാണുള്ളത്. ഇതിൽ 3.4 കോടിയാളുകൾ ആധാർ ബന്ധിപ്പിച്ചുകഴിഞ്ഞു. 95.23 ശതമാനം വരുമിത്. ഇനി 16.92 ലക്ഷം പേരാണ് ആധാർ ബന്ധിപ്പിക്കാനുള്ളത്.

റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ കേന്ദ്രം പലതവണ സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. ആധാർ ബന്ധിപ്പിക്കാത്തവർക്ക് റേഷൻ മുടങ്ങുമെന്ന് ഉദ്യോഗസ്ഥരിൽ പലരും മുന്നറിയിപ്പും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആധാർ ബന്ധിപ്പിക്കാത്തവരെ അതിനു പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുനീങ്ങി.

റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി ആധാർ ബന്ധിപ്പിക്കാൻ അവസരമൊരുക്കി. സിവിൽ സപ്ലൈസിന്റെ വെബ്സൈറ്റുവഴിയും സൗകര്യംനൽകി. എന്നിട്ടും ആധാർ ബന്ധിപ്പിക്കാത്തവരെ നേരിട്ട് ഫോണിൽ വിളിച്ച് ഓർമപ്പെടുത്തുന്ന നടപടികളുമായാണ് ഇപ്പോൾ സംസ്ഥാനം നീങ്ങുന്നത്.

bb