ആലപ്പുഴ: വലിയചുടുകാട്ടിലെ പുന്നപ്ര-വയലാർ സ്മാരകത്തോട് അനാദരം കാണിച്ചിട്ടില്ലെന്ന് ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർഥി സന്ദീപ് വാചസ്പതി പത്രസമ്മേളനത്തിൽ പറഞ്ഞു. സ്മാരകം തകർക്കുകയോ മദ്യമാംസാദികൾ വലിച്ചെറിയുകയോ ചെയ്തിട്ടില്ല. പുഷ്പാർച്ചന നടത്തുക മാത്രമാണ് ചെയ്തത്.

നേതാക്കളുടെ വാക്കുകളിൽ വഞ്ചിതരായി തോക്കിനിരയായ പാവപ്പെട്ടവരുടെ സ്മരണയിലാണ് പുഷ്പാർച്ചന നടത്തിയത്. വസ്തുത മനസ്സിലാക്കാതെയാണ് സി.പി.എം.-സി.പി.ഐ. നേതാക്കൾ പ്രതികരിക്കുന്നത്. അക്രമം നടത്തുകയും തെറിവിളിക്കുകയുംചെയ്യുന്നത് മറുപടി പറയാനറിയാത്തതുകൊണ്ടാണെന്നും ബി.ജെ.പി. ജില്ലാ സെൽ കോ-ഓർഡിനേറ്റർ വി.ജി. വിനോദ്കുമാറിനൊപ്പം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സ്ഥാനാർഥി ആരോപിച്ചു.