കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് സംസ്ഥാനത്തെ ട്രഷറിവകുപ്പ് ജീവനക്കാരെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. സാമ്പത്തികവർഷത്തിന്റെ അവസാനവും കണക്കെടുപ്പ് ജോലികളും വരുന്നതിനാൽ ജോലിത്തിരക്ക് കണക്കിലെടുത്താണ് തീരുമാനം. നേരത്തേ ഓരോ ട്രഷറിയിൽനിന്നും മൂന്നുജീവനക്കാരെ വീതം തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും പുതിയ ഉത്തരവുപ്രകാരം മുഴുവൻ ജീവനക്കാർക്കും ഇളവ് ലഭിച്ചു. ട്രഷറി ജീവനക്കാരുടെ ബുദ്ധിമുട്ട് സംബന്ധിച്ച് മാർച്ച്‌ 15-ന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

ട്രഷറി ഓഫീസിലെ ഓഫീസർ, ഒരോ അക്കൗണ്ടന്റ്, കാഷ്യർ എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നേരത്തേ ഇറക്കിയ ഉത്തരവ്. എന്നാൽ, ജില്ലയിൽ ഇളവനുവദിക്കാതെ മുഴുവൻ ജീവനക്കാർക്കും തിരഞ്ഞെടുപ്പ് ജോലി നൽകിയിരുന്നു. ഇതിനെതിരേ ട്രഷറി ഓഫീസ് മുഖാന്തരം ജീവനക്കാർ കളക്ടർക്ക് കത്ത് നൽകിയിരുന്നു. സാമ്പത്തിക വർഷാവസാനമായതിനാൽ മാർച്ച്‌ 13 മുതൽ 28 വരെ അവധി ദിവസങ്ങളിലടക്കം ട്രഷറി തുറന്നുപ്രവർത്തിക്കാൻ ഉത്തരവുണ്ട്. ട്രഷറിയിലെ തിരക്കുകാരണം തിരഞ്ഞെടുപ്പ് പരിശീലനത്തിനടക്കം പങ്കെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു ഉദ്യോഗസ്ഥർ.

ഇതിനിടയിൽ ട്രഷറി സോഫ്റ്റ്‌വെയറിൽ സാങ്കേതികത്തകരാറുണ്ടായത് ജീവനക്കാർക്ക് ഇരുട്ടടിയായിരുന്നു. ഏപ്രിലിൽ വർഷാന്ത കണക്കെടുപ്പ്, പെൻഷനുകൾ, ഫണ്ടുകൾ, ചെക്കുകൾ തുടങ്ങിയവ മാറിയെടുക്കുക തുടങ്ങിയ തിരക്കിട്ട ജോലികൾ ട്രഷറിയിൽ നടക്കേണ്ടതാണ്. രണ്ടാം തീയതി ദുഃഖവെള്ളി അവധിയും ഞായറും കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് ദിവസമായി. ഇത് ട്രഷറിപ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കിയത്.