കണ്ണൂർ: പോളിങ് ബൂത്തുകളുടെ എണ്ണം ഇരട്ടിയോളമായപ്പോൾ വോട്ടർമാരുടെ വരിനിൽപ്പ് ക്രമീകരണത്തിന് കുട്ടിപ്പോലീസും. ബൂത്തുകളിലെ ക്യൂ നിയന്ത്രണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സ്റ്റുഡന്റ് പോലീസിൽ പരിശീലനം ലഭിച്ചവരുടെ സേവനമാണ് ഉപയോഗപ്പെടുത്തുക. സ്റ്റുഡന്റ് പോലീസിൽ പ്രവർത്തിച്ച് സ്കൂൾ വിട്ട 18 വയസ്സ് തികഞ്ഞവരെയാണ് തിരഞ്ഞെടുപ്പിന്റെ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിക്കുക.

കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാവണം തിരഞ്ഞെടുപ്പ് നടപടികളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായത്ര പോലീസുകാരില്ലാത്തതിനാലാണ് സ്റ്റുഡന്റ് പോലീസിൽ രണ്ടുവർഷത്തെ പരിശീലനം ലഭിച്ചവരെയും സ്പെഷ്യൽ പോലീസായി തിരഞ്ഞെടുത്ത് നിയോഗിക്കുന്നത്.

പോലീസിന്റെ പ്രവർത്തനരീതികളെക്കുറിച്ചും കമ്യൂണിറ്റി പോലീസിങ്ങിനെക്കുറിച്ചും സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്ക് അറിവുള്ളതിനാൽ ബൂത്തിനുപുറത്ത് അവരുടെ സേവനം ഉപയോഗപ്പെടുത്താൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ അനുമതി നൽകിയത്.

വോട്ടെടുപ്പ് നടപടികൾ പകർത്താൻ പോലീസ് വീഡിയോ ക്യാമറകൾ വാടകയ്ക്കെടുക്കും. 1750 ക്യാമറകൾ 4500 രൂപ നിരക്കിൽ വാടകയ്ക്കെടുക്കാനാണ് സംസ്ഥാന പോലീസ് മേധാവിക്ക് സർക്കാർ അനുമതി നൽകിയത്. 2002 ക്യാമറകൾ വാടകയ്ക്കെടുക്കുന്നതിനാണ് പോലീസ് അനുമതി തേടിയത്.