മൂന്നാർ: നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐ.യുടെ മുതിർന്ന നേതാവുമായ സി.എ.കുര്യൻ (88) അന്തരിച്ചു. പ്രായാധിക്യംമൂലമുള്ള അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ 4.45-ന് മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂർ ചെമ്പ്ളായിൽ പരേതരായ എബ്രാഹം-അന്നമ്മ ദമ്പതിമാരുടെ അഞ്ചുമക്കളിൽ രണ്ടാമനായ സി.എ. കുര്യൻ, പീരുമേട് നിയോജക മണ്ഡലത്തിൽനിന്നു 1977, 1980, 1996 വർഷങ്ങളിൽ എം.എൽ.എയായിരുന്നു. 1996 മുതൽ 2001 വരെ പത്താംനിയമസഭയിലാണ് ഡെപ്യൂട്ടി സ്പീക്കറായത്.

1984-ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ പി.ജെ.കുര്യനെതിരേ മത്സരിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി, ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി.പി.ഐ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

പീരുമേട്, മൂന്നാർ തുടങ്ങിയ തേയിലത്തോട്ടം മേഖലയിൽ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഭാര്യ: പുതുപ്പള്ളി മൈലക്കാട്ട് പരേതയായ തങ്കമ്മ കുര്യൻ. മക്കൾ: ഷിബു കുര്യൻ (ടാറ്റാ ടീ, കൊച്ചി), ഷാജി കുര്യൻ (ടെറ്റ്‌ലി, കൊച്ചി), ഡോ. മെറിറ്റ് അലക്സ് (ചെങ്ങന്നൂർ). മരുമക്കൾ: സുനിത ഷിബു, മിനി ഷാജി, ഡോ.നവീൻ അലക്സ് (ചെങ്ങന്നൂർ).

ശനിയാഴ്ച വൈകീട്ട് പുതുപ്പള്ളിയിലെ തറവാട്ടുവീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുവെച്ചശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ മൂന്നാറിൽ തിരികെ കൊണ്ടുവരും. തുടർന്ന് പഴയ മൂന്നാർ മൈതാനത്ത് പൊതുദർശനത്തിനുവെയ്ക്കും. ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് ദേവികുളം റോഡിലെ സി.പി.ഐ.ഓഫീസിന് സമീപം നടക്കും.