ഉദുമ: കെ. കുഞ്ഞിരാമൻ എം.എൽ.എ.യുടെ വീടിന് സമീപം റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ കൃത്രിമക്കാൽ കണ്ടെത്തി. കെ. കുഞ്ഞിരാമന്റെ ഉദുമ ആലക്കോടെ വീട്ടിലേക്കുള്ള വഴിയിലാണ് ശനിയാഴ്ച രാവിലെ കൃത്രിമക്കാൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ എം.എൽ.എ. ബേക്കൽ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കൃത്രിമക്കാൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അനേഷ്വണം തുടങ്ങി.

ഒരുമാസം മുമ്പ്‌ പെരിയ കല്യോട്ട്‌ നടന്ന കോൺഗ്രസ്‌ പ്രകടനത്തിൽ എം.എൽ.എ.യുടെ കാൽ വെട്ടുമെന്നും മറ്റും മുദ്രാവാക്യം ഉയർത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് കൃത്രിമക്കാൽ കണ്ടെത്തിയത്. ആ സംഭവവുമായി ഇതിന്‌ ബന്ധമുണ്ടോയെന്ന്‌ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി., ജില്ലാ പോലീസ് മേധാവി എന്നിവർക്ക് എം.എൽ.എ. പരാതി നൽകി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന്‌ സംശയിക്കുന്നതായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ആരോപിച്ചു. സംഭവത്തിലുൾപ്പെട്ടവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.