കോട്ടയം: കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയിൽ വീടുകൾക്ക് പൈപ്പ് കണക്ഷൻ നൽകുന്നതിൽ കേരളം പിന്നിൽ. ദേശീയ ശരാശരിയെക്കാൾ 12 ശതമാനം കുറവാണ് കേരളത്തിൽ കണക്ഷൻ നൽകിയത്.

22 ശതമാനമാണ് ദേശീയ ശരാശരി. കേരളത്തിൽ ഇത് 9.47 ശതമാനവും. പദ്ധതി തുടങ്ങി 22 മാസം പിന്നിടുമ്പോൾ 6.36 ലക്ഷം കണക്ഷനാണ് കേരളത്തിൽ നൽകാനായത്. ഇപ്പോൾ കേരളത്തിൽ 34.26 ശതമാനം വീടുകളിൽ മാത്രമാണ് ജലവിതരണ കണക്ഷനുള്ളത്. 2024-ൽ എല്ലാഗ്രാമീണവീടുകളിലും 2026-ഓടെ നഗരങ്ങളിലും കണക്ഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

44.14 ലക്ഷം കണക്ഷനാണ് ഇനിയും കേരളത്തിൽ നൽകേണ്ടത്. എന്നാൽ നിലവിലുള്ള വേഗത്തിൽ പദ്ധതി നീങ്ങിയാൽ അത് സാധ്യമാവില്ലെന്ന് കേന്ദ്രജൽജീവൻ മിഷൻ സംസ്ഥാന ജലഅതോറിറ്റിക്ക് മുന്നറിയിപ്പ് നൽകി.

2020-21-ൽ ഗ്രാമീണമേഖലയിലെ വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് കേന്ദ്രവിഹിതമായി 404.24 കോടി രൂപ അനുവദിച്ചതിൽ കേരളം വിനിയോഗിച്ചത് 303.14 കോടി രൂപയാണെന്നും മിഷൻ ഓർമിപ്പിച്ചു. 101.06 കോടി രൂപ ചെലവഴിക്കാനായില്ല. 50 ശതമാനം കേന്ദ്രവിഹിതവും ബാക്കി 50 ശതമാനം സംസ്ഥാനസർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വിഹിതവും വിനിയോഗിച്ചാണ് നടത്തിപ്പ്.

വിദ്യാലയങ്ങളിൽ ശുദ്ധജലം-കേരളത്തിന് മികവ്

സ്‌കൂളുകളിൽ ശുദ്ധജലമെത്തിക്കാൻ ജൽജീവൻ മിഷൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ കേരളം മികച്ചനിലയിലാണെന്ന് ജൽജീവൻമിഷൻ പരാമർശിച്ചു. 99 ശതമാനം സ്‌കൂളുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകാനായി. 10,772 സ്‌കൂളുകളിൽ ടാപ്പ് കണക്ഷനായി. 79 ശതമാനം അങ്കണവാടികളിലും കണക്ഷൻ നൽകി. 26,307 അങ്കണവാടികൾക്കാണ് സൗകര്യമേർപ്പെടുത്തിയത്.

ലാബ് സൗകര്യം കുറവ്

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കുടിവെള്ള ശുദ്ധത പരിശോധിക്കാനുള്ള ലബോറട്ടറി സൗകര്യം കേരളത്തിൽ പരിമിതം. 52 ജലപരിശോധന കേന്ദ്രങ്ങളാണുള്ളത്. അതിൽ ഒരെണ്ണത്തിന് മാത്രമാണ് എൻ.എ.ബി.എൽ.അക്രഡിറ്റേഷനുള്ളത്.

ജനങ്ങൾക്ക് ഏറ്റവുമടുത്ത് അക്രഡിറ്റേഷൻ ലാബ് ഏർപ്പെടുത്താൻ മറ്റുള്ളവയുടെ നവീകരണം വേണം. കൂടുതൽ ഫീൽഡ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കി അങ്കണവാടി ജീവനക്കാർ, അധ്യാപകർ, ആശാവർക്കർമാർ, സ്വയംസഹായസംഘങ്ങൾ എന്നിവരിലൂടെ പ്രാദേശിക ജലപരിശോധന ഉറപ്പാക്കുകയും വേണം.

സംസ്ഥാനത്തെ സ്ഥിതിവിവരം

ആകെ ലക്ഷ്യം-67,14,823 വീട്

പദ്ധതി പ്രഖ്യാപിച്ച 2019 ഓഗസ്റ്റ് 15-ന് കേരളത്തിലെ കണക്ഷനുകൾ-16,64,091(24.78 ശതമാനം)

2021 ജൂൺ 19-ന് ആകെ കണക്ഷൻ-23,00,166 (34.26 ശതമാനം)

ജൽജീവൻ മിഷൻ തുടങ്ങിയതിന് ശേഷം നൽകിയ കണക്ഷൻ-6,36,075(9.47 ശതമാനം).