കൊല്ലം : സംസ്ഥാനത്തെ ജലജീവൻ മിഷൻ പ്രവർത്തനത്തിൽ ഇംപ്ലിമെന്റിങ് സപ്പോർട്ട് ഏജൻസിയായി (ഐ.എസ്.എ.) കുടുംബശ്രീ പ്രവർത്തിക്കും. 262 പഞ്ചായത്തുകളിലാണ് കുടുംബശ്രീ സഹായ ഏജൻസിയാകുന്നത്. ജലജീവൻ മിഷന്റെ പദ്ധതിനിർവഹണ ഏജൻസികളെ സഹായിക്കുകയാണ് ഉദ്ദേശ്യം. മറ്റ് പഞ്ചായത്തുകളിൽ പ്രാദേശിക എൻ.ജി.ഒ.കൾക്കാണ് ഈ ചുമതല.

ഓരോ പഞ്ചായത്തിലും നടന്ന ടെൻഡറിൽ പങ്കെടുത്താണ് കുടുംബശ്രീ ഈ അവസരം നേടിയത്. ഇതിലൂടെ സംസ്ഥാനത്താകെ എഴുന്നൂറിലധികംപേർക്ക് തൊഴിൽ ലഭിക്കും. കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് സഹായ ഏജൻസികൾ ചെയ്യേണ്ടത്. ജലലഭ്യത ഉറപ്പാക്കുന്നതുവരെ ഇവരുടെ സേവനമുണ്ടാകും.

രണ്ടു രീതിയിലാണ് സഹായ ഏജൻസികൾ പ്രവർത്തിക്കേണ്ടത്. നിലവിൽ കുടിവെള്ളവിതരണം തുടങ്ങിയ പഞ്ചായത്തുകളിൽ ഏഴുമാസംകൊണ്ടാണ് പദ്ധതിനിർവഹണം പൂർത്തിയാക്കേണ്ടത്. ഇവിടെ അഞ്ചുപേരെ നിയമിക്കും. കുടിവെള്ളവിതരണം ആരംഭിച്ചിട്ടില്ലാത്ത പഞ്ചായത്തുകളിൽ 18 മാസംകൊണ്ട് പദ്ധതിനിർവഹണം പൂർത്തിയാക്കണം. ഇവിടെ മൂന്നുപേർക്ക് ഏജൻസിയുടെ ഭാഗമാകാം.

ഒരു പഞ്ചായത്തിൽ ഏഴുമാസത്തെ പ്രവർത്തനങ്ങൾക്ക് 8.30 ലക്ഷം രൂപയും 18 മാസത്തേക്ക് 17.26 ലക്ഷം രൂപയുമാണ് സഹായ ഏജൻസികൾക്ക് ലഭിക്കുക. രണ്ടു പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു കുടുംബശ്രീ സി.ഡി.എസിനെയും നിയമിക്കും.

സഹായ ഏജൻസികളുടെ ചുമതല

*സ്ഥലത്തെ പ്രധാന കുടിവെള്ളസ്രോതസ്സുകൾ, ആർക്കൊക്കെ കുടിവെള്ളം ആവശ്യമുണ്ട്, ശുദ്ധജലം ലഭിക്കുന്നവർ ആരൊക്കെ എന്നീ കാര്യങ്ങൾ കണ്ടെത്തുക.

*നിലവിലെ ജലവിതരണസംവിധാനം എങ്ങനെയെന്ന് വിലയിരുത്തുക.

* ഉപഭോക്താക്കളുടെ യോഗം ചേരുക.

*ജലവിതരണം തുടങ്ങിയശേഷം ഉണ്ടായേക്കാവുന്ന അറ്റകുറ്റപ്പണി സ്വയം ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുക.