കൊല്ലം : ഗ്രന്ഥശാലകളോടുചേർന്ന് പൊതുശൗചാലയങ്ങൾ നിർമിക്കാനുള്ള പദ്ധതിയുടെ കാലാവധി അടുത്ത മാർച്ച് 31 വരെ നീട്ടി. സംസ്ഥാന ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രന്ഥശാലകളിൽ ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിന് ശുചിത്വ മിഷനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ അനുമതി നൽകിയിരുന്നു. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് വ്യാപനവും ലോക് ഡൗണും കാരണം പദ്ധതി പൂർത്തിയാക്കാനായില്ല. തുടർന്നാണ് ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കൊടുത്തത്.

8,500 ഗ്രന്ഥശാലകളാണ് സംഘത്തോടുചേർന്ന് പ്രവർത്തിക്കുന്നത്. പലതിനും സ്വന്തം കെട്ടിടമുണ്ടെങ്കിലും ശൗചാലയങ്ങളില്ല. സ്വച്ഛ് ഭാരത് മിഷന്റെ സഹായത്തോടെ ശൗചാലയങ്ങൾ നിർമിക്കാനാണ് സർക്കാർ പദ്ധതി. പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ അനുമതി നൽകണമെന്നാണ് വ്യവസ്ഥ.

ഗ്രാമങ്ങളിൽ രണ്ടുലക്ഷം രൂപയും നഗരങ്ങളിൽ ഒരുലക്ഷം രൂപയും വിനിയോഗിക്കാം. ഗ്രാമങ്ങളിലെ ശൗചാലയത്തിന് 20,000 രൂപയും നഗരങ്ങളിൽ 9,800 രൂപയും ഗ്രന്ഥശാലാസംഘം വിഹിതം നൽകണം. ബാക്കി കേന്ദ്ര, സംസ്ഥാന വിഹിതമായി നൽകും. ഗ്രന്ഥശാലാ ഭാരവാഹികളുടെ ഗുണഭോക്തൃസമിതിക്കാണ് നിർമാണച്ചുമതല.