കൊട്ടിയൂർ: ഒരുമാസത്തിലേറെ നീണ്ടുനിന്ന വൈശാഖോത്സവ ചടങ്ങുകൾ സമാപിച്ചു. ഞായറാഴ്ച രാവിലെ വാകച്ചാർത്തോടെ തൃക്കലശാട്ട് ചടങ്ങുകൾക്ക് തുടക്കമായി. സ്വയംഭൂവിന്‌ സമീപത്തെ വിളക്കുകളിൽനിന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്നശേഷം വിളക്കുകൾ അണച്ചു. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ചശേഷം നമ്പീശൻ, വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാല്‌ തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിട്ടു. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശമണ്ഡപത്തിൽ പൂജിച്ചുവെച്ച കളഭകുംഭങ്ങൾ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചശേഷം തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ കളഭാട്ടം നടന്നു. ബ്രാഹ്മണരുടെ സമൂഹ പുഷ്പാഞ്ജലിയും തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും കഴിഞ്ഞശേഷം തീർഥവും കളഭവും പ്രസാദമായി നൽകി. തുടർന്ന് കുടിപതി സ്ഥാനികർക്കായി തിടപ്പള്ളിയിൽ ’തണ്ടിന്മേൽ ഊണ്’ എന്ന ചടങ്ങും നടന്നു.

വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽനിന്ന്‌ എഴുന്നള്ളിച്ച വാൾ തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിച്ചു. അതോടൊപ്പംതന്നെ ഭണ്ഡാരങ്ങളും അക്കരെ ക്ഷേത്രസന്നിധിയിൽനിന്ന്‌ എഴുന്നള്ളിച്ചു. തുടർന്ന് അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ആചാര്യന്മാരിൽ ഒരാൾ യാത്രാബലി നടത്തിയശേഷമാണ് വൈശാഖോത്സവച്ചടങ്ങുകൾക്ക് സമാപനമായത്. സ്വയംഭൂ അഷ്ടബന്ധത്താൽ മൂടുന്ന വറ്റടിച്ചടങ്ങ് തിങ്കളാഴ്ച നടക്കും. അതിനുശേഷം അക്കരെ കൊട്ടിയൂരിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. അടുത്തവർഷം നീരെഴുന്നള്ളത്ത് നാളിൽ മാത്രമേ അക്കരെ ക്ഷേത്ര പരിസരത്തേക്ക് ഇനി ആളുകൾക്ക് പ്രവേശനമുള്ളൂ.