തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച് നേതാക്കളുടെ മനസ്സറിയാൻ എ.ഐ.സി.സി. സെക്രട്ടറിമാർ കേരളത്തിലെത്തും. കെ.പി.സി.സി.യും ജില്ല-ബ്ലോക്ക് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ഭാരവാഹികളുടെ എണ്ണം വെട്ടിക്കുറച്ചുള്ള ഘടനയും കഴിവുള്ളവരെ ഗ്രൂപ്പിനതീതമായി ഉയർത്തിക്കൊണ്ടുവരാനുള്ള നിർദേശവുമാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഹൈക്കമാൻഡിനു മുന്നിൽ വെച്ചിട്ടുള്ളത്. ഇതിനോടു യോജിക്കുമ്പോഴും ഹൈക്കമാൻഡിനുകൂടി ബോധ്യപ്പെടുന്ന അഴിച്ചുപണിയാണ് ലക്ഷ്യം. അതാണ് എ.ഐ.സി.സി. സെക്രട്ടറിമാരുടെ വരവിനുപിന്നിൽ.

ദേശീയനേതാക്കളെത്തുന്ന കാര്യം എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ കെ. സുധാകരനെ അറിയിച്ചിട്ടുണ്ട്. ചർച്ചയ്ക്കുള്ള ക്രമീകരണം ഒരുക്കണമെന്നും നിർദേശിച്ചു. പി. വിശ്വനാഥൻ, ഐവാൻ ഡിസൂസ, പി.വി. മോഹനൻ എന്നിവരാണ് എത്തുന്നത്. എട്ടുദിവസം ഇവർ കേരളത്തിലുണ്ടാകും.

ജില്ലാതലത്തിലും ചർച്ചകളുണ്ടാകും. മൂന്ന് മേഖലകളാക്കി തിരിച്ചാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പി. വിശ്വനാഥനാണ് കൂടിക്കാഴ്ച നടത്തുക. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ ഐവാൻ ഡിസൂസയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ പി.വി. മോഹനനും പാർട്ടിനേതാക്കളുമായി ചർച്ച നടത്തും.

ഓഗസ്റ്റ് പകുതിയോടെ ഇവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. മൂന്നുപേരും പ്രത്യേകം റിപ്പോർട്ടാണ് തയ്യാറാക്കുക. അതിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന സംബന്ധിച്ച അന്തിമചർച്ചയും തീരുമാനങ്ങളുമുണ്ടാകുക. ഗ്രൂപ്പ് സമ്മർദങ്ങളില്ലാതെ പുനഃസംഘടന പൂർത്തിയാക്കണമെന്നതാണ് ഹൈക്കമാൻഡിന്റെയും ആഗ്രഹം.

കെ.പി.സി.സി.ക്ക് എക്സിക്യുട്ടീവ് കമ്മിറ്റി ഉൾപ്പെടെ 51 ഭാരവാഹികൾ മതിയെന്ന് കെ. സുധാകരൻ പ്രസിഡന്റായി ചുമതലയേറ്റശേഷം ചേർന്ന ആദ്യ രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചിരുന്നു. ഓഗസ്റ്റിൽത്തന്നെ കെ.പി.സി.സി. പുനഃസംഘടന നടത്താനാണ് സുധാകരൻ ശ്രമിക്കുന്നത്. ഇതിനുപിന്നാലെ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കും.