തിരുവനന്തപുരം: വിവാദ മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം അപേക്ഷകനു നൽകിയ റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയെ സെക്രട്ടേറിയറ്റിനു പുറത്തേക്കു സ്ഥലംമാറ്റി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ (ഹയർ സെക്കൻഡറി വിങ്) അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിലാണു നിയമനം. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരികെയെത്തുന്ന അണ്ടർസെക്രട്ടറി ആർ.ആർ. ബിന്ദുവിനെ റവന്യൂവകുപ്പിൽ ശാലിനിക്കു പകരമായി നിയമിച്ചു.

നേരത്തേ, ചീഫ് ഇൻഫർമേഷൻ ഓഫീസർ കൂടിയായ ശാലിനിയോട് രണ്ടുമാസത്തെ അവധിയിൽ പ്രവേശിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശിക്കുകയും അവർ അവധിയിൽ പോവുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മികച്ച സേവനത്തിന് കഴിഞ്ഞവർഷം അവർക്കു നൽകിയിരുന്ന ഗുഡ്‌സർവീസ് എൻട്രി തിരികെയെടുക്കുകയും ചെയ്തു.

മരംമുറി വിവാദത്തെ തുടർന്നു റവന്യൂവകുപ്പിലെ മറ്റു നാല് ഉദ്യോഗസ്ഥരെ നേരത്തേ സ്ഥലംമാറ്റിയിരുന്നു. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവും െസ്പഷ്യൽ സെക്രട്ടറിയുമായ ജെ. ബെൻസിയെയും ഇക്കൂട്ടത്തിൽ സെക്രട്ടേറിയറ്റിനു പുറത്തേക്കു മാറ്റി.