കോട്ടയം: റബ്ബർകർഷകർക്ക് കൃഷിയിടത്തിലെ ഉരുൾപൊട്ടൽ സാധ്യത ഇനി സ്വന്തമായി കണ്ടെത്താം.

റബ്ബർതോട്ടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്താവുന്ന ’ലാൻഡ്‌സ്‌ലൈഡ്‌ സോണേഷൻ മാപ്പ്’ എന്ന വെബ്‌ പോർട്ടലിന്‌ റബ്ബർ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ രൂപംനൽകി. കേരള സ്റ്റേറ്റ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയുടെയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെയാണിത്‌. വെള്ളിയാഴ്ച കോട്ടയത്തെ റബ്ബർ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ വെബ്‌പോർട്ടൽ ഉദ്‌ഘാടനം ചെയ്യും.

കേരള സ്റ്റേറ്റ്‌ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റി കേരളത്തിലെ മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കണ്ടെത്തിയിട്ടുണ്ട്‌. കേരളത്തിലെ റബ്ബർതോട്ടങ്ങളുടെ മാപ്പിങ് റബ്ബർ ബോർഡും പൂർത്തിയാക്കിയിരുന്നു. ഇത് രണ്ടുംകൂടി ചേർത്താണ്‌ ഉരുൾപൊട്ടൽ സാധ്യതയുള്ള തോട്ടങ്ങളുടെ മാപ്പിങ്‌ പൂർത്തിയാക്കിയതെന്ന് റബ്ബർ ബോർഡ്‌ എക്സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ പറഞ്ഞു.

മണ്ണിടിച്ചിൽ സാധ്യതയനുസരിച്ച്‌ റബ്ബർതോട്ടങ്ങളെ ലോ റിസ്‌ക്‌, മീഡിയം റിസ്ക്‌, ഹൈ റിസ്‌ക്‌ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌. ഓരോ മേഖലയിലും അവലംബിക്കേണ്ട കൃഷിരീതിയേതെന്നും എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണമെന്നും പോർട്ടലിലുണ്ട്.

റബ്‌സിസ്‌ ആപ്‌ മാതൃകയാക്കാൻ സ്പൈസസ്‌ ബോർഡും

റബ്ബറിന്റെ ഓൺലൈൻ വളപ്രയോഗരീതിക്കായി റബ്ബർ ബോർഡ്‌ കർഷകർക്ക്‌ ലഭ്യമാക്കിയ മൊബൈൽആപ്പായ ‘റബ്‌സിസ്‌’ മാതൃക പിന്തുടരാൻ സ്‌പൈസസ്‌ ബോർഡും. ഏലത്തോട്ടങ്ങളിലെ മണ്ണിന്റെ ഗുണനിലവാരവും അവിടത്തെ വളപ്രയോഗരീതികളും കർഷകർക്ക് ലഭ്യമാക്കുന്നതിനാണ്‌ സ്പൈസസ്‌ ബോർഡ്‌, റബ്ബർ ബോർഡിന്റെ മാതൃകയിൽ മൊബൈൽആപ്പിന്‌ രൂപം നൽകുന്നത്‌. സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള ധാരണാപത്രം വെള്ളിയാഴ്‌ച റബ്ബർ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ചടങ്ങിൽ റബ്ബർ ബോർഡ്‌, സ്പൈസസ്‌ ബോർഡ്‌, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി അധികൃതർ സംയുക്തമായി കൈമാറും.

റബ്ബർ സെൻസസ്‌ ഉദ്‌ഘാടനം

റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട് സമ്പൂർണ വിവരശേഖരണ പദ്‌ധതിയായ റബ്ബർ സെൻസസിന്റെ ഉദ്‌ഘാടനവും വെള്ളിയാഴ്‌ച റബ്ബർ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. രാജ്യത്തെ റബ്ബർ കർഷകരുടെ എണ്ണം, കൃഷിസ്ഥലത്തിന്റെ വിസ്തൃതി, ഉത്പാദനം, കൃഷിചെയ്യുന്ന ഇനങ്ങൾ, റെയിൻ ഗാർഡിങ്/ടാപ്പിങ് രീതികൾ, പുതിയ റബ്ബറിനങ്ങളുടെ സ്വീകാര്യത തുടങ്ങി എല്ലാ വിവരങ്ങളും സമാഹരിക്കും.

ചെറുകിട കർഷകരിലാണ് സെൻസസ് നടത്തുന്നത്. വിവരങ്ങൾ ശേഖരിക്കാൻ ‘റുബാക്’ എന്ന പേരിൽ മൊബൈൽ ആപ്പിനും രൂപം നൽകിയിട്ടുണ്ട്.