തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിെവക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. മന്ത്രിക്കെതിരേ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേസ് ഒത്തുതീർപ്പാക്കാൻ വിളിച്ച മന്ത്രി ശശീന്ദ്രൻ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പദവി ദുരുപയോഗംചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.കെ. ശശീന്ദ്രൻ ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.

ചെയ്‌തത് സത്യപ്രതിജ്ഞാലംഘനം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ്‌ കെ. സുരേന്ദ്രൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീപീഡനക്കേസ് ഒഴിവാക്കാൻ ഒരു മന്ത്രിതന്നെ ശ്രമിക്കുകയാണ്. വേട്ടക്കാരുടെ സർക്കാർ ഭരിക്കുമ്പോൾ ഇരകൾക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.