ആലപ്പുഴ: മൂന്നുതവണ തീയതി നീട്ടിയിട്ടും ഡിസംബറിലെ കിറ്റുവാങ്ങാൻ ഇനിയും 6.80 ലക്ഷം പേർ ബാക്കി.
സംസ്ഥാനത്ത് 89.50 ലക്ഷം കാർഡുടമകളിൽ 82.70 ലക്ഷംപേർ മാത്രമാണു കിറ്റുവാങ്ങിയിട്ടുള്ളത്. എല്ലാമാസവും ശരാശരി 85 ലക്ഷം കാർഡുടമകൾ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങിയിരുന്നു. നവംബറിൽ 84.52 ലക്ഷംപേരും കിറ്റുവാങ്ങി.
റേഷൻകടകളിൽ കിറ്റുകൾ കെട്ടിക്കിടന്നതോടെ വിതരണത്തീയതി വീണ്ടും ഈ മാസം 23- വരെ നീട്ടിയിട്ടുണ്ട്. ഇനിയും കിറ്റുവാങ്ങാൻ ആളെത്തിയില്ലെങ്കിൽ വരുന്നമാസത്തെ വിതരണത്തിനായി ഇവമാറ്റും. കിറ്റുവിതരണം ഏപ്രിൽവരെ തുടരാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.
റേഷൻ വാതിൽപ്പടി വിതരണത്തിനു പുതിയകരാർ
റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന വാതിൽപ്പടി വിതരണത്തിന് പുതിയകരാറായി. ഒട്ടുമിക്ക താലൂക്കുകളിൽ മുൻകാലങ്ങളിൽ കരാർ എടുത്തവർക്കുതന്നെയാണു ടെൻഡർ ലഭിച്ചിട്ടുള്ളത്. പുതിയകരാർ അനുസരിച്ച് അടുത്തമാസംമുതൽ വിതരണം ആരംഭിക്കും. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന ചില താലൂക്കുകളിൽ മാത്രമാണു ടെൻഡർ നടപടി പൂർത്തിയാകാത്തത്. തൃശ്ശൂർ ജില്ലയിലാണ് ഇതിലധികവും.