കണ്ണൂർ: രാജ്യത്തെ സർവകലാശാലകളിൽ ആദ്യമായി കണ്ണൂർ സർവകലാശാല തുടങ്ങിയ കളരി ഡിപ്ലോമ കോഴ്‌സ് ഒറ്റവർഷം കൊണ്ട് നിലച്ചു. ഫാക്കൽട്ടിയുടെ കുറവ്, അടിസ്ഥാനസൗകര്യമില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, പ്രത്യേക ഫണ്ടില്ലായ്മ തുടങ്ങിയ കാര്യങ്ങളാലാണ് കോഴ്‌സ് നിർത്തിയതെന്ന് പറയുന്നു. ഇത് വീണ്ടും തുടങ്ങുമോയെന്ന കാര്യത്തിൽ നിശ്ചയമില്ല. കളരിയോടൊപ്പം തുടങ്ങിയ യോഗ, ഫിറ്റ്‌നസ് മാനേജ്‌മെന്റ്, നീന്തൽ ഡിപ്ലോമ കോഴ്‌സുകളും നിലച്ചു.

എല്ലാ കോഴ്‌സുകൾക്കും 20 വീതം സീറ്റാണുണ്ടായിരുന്നത്. ആവശ്യത്തിന് അപേക്ഷകരുമുണ്ടായിരുന്നു. 19,000 രൂപയോളമാണ് ഡിപ്ലോമ ഇൻ കളരിയുടെ കോഴ്‌സ് ഫീസ്. കോഴ്‌സിന് ചേരാൻ വിദേശികൾ വരെ അന്വേഷണം നടത്തിയിരുന്നു. അതേസമയം കോഴ്‌സ് കഴിഞ്ഞ പലർക്കും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.

പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റിന് സർവകലാശാലയിൽ ഡിപ്ലോമ കോഴ്‌സ് തുടങ്ങിയത് ആവേശത്തോടെയാണ് കളരിയെ സ്നേഹിക്കുന്നവർ കണ്ടത്. ആദ്യവർഷംതന്നെ വേണ്ടത്ര അപേക്ഷകരുമുണ്ടായി. ശ്രീഭാരത് കളരിയിലെ എസ്.ആർ.ഡി.പ്രസാദ് ഉൾപ്പെടെ അറിയപ്പെടുന്ന കളരിഗുരുക്കൻമാരായിരുന്നു അധ്യാപകർ. എന്നാൽ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കിയില്ല. ഇത്തരം കോഴ്‌സുകൾക്കും അടിസ്ഥാനസൗകര്യമൊരുക്കാനും മറ്റുമായി കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ വകയിരുത്തിയെങ്കിലും ഒന്നും ശരിയായില്ല.

അനാട്ടമി, ഫിസിയോളജി, കളരി തിയറി രണ്ട് ഭാഗങ്ങൾ, പ്രാക്ടിക്കൽ എന്നിവയാണ് കോഴ്‌സിന്റെ പാഠഭാഗങ്ങൾ. പെൺകുട്ടികളും കോഴ്‌സിന് ചേർന്നിരുന്നു. നൃത്തം ഉൾപ്പെടെ മറ്റു കലകൾക്കും കളരിയുടെ സാധ്യതകൾ ഉപയോഗപ്രദമായിരുന്നു. പ്ലസ്ടുവാണ് കളരി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത. സംസ്ഥാനത്ത് നിരവധി കുട്ടികൾ കളരിഗുരുക്കൻമാരുടെ കീഴിൽ ചെറുപ്പത്തിലേ കളരി അഭ്യസിക്കുന്നുണ്ട്. അത്തരക്കാർക്ക് ഈ കോഴ്‌സ് വഴി സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് നേട്ടമാണ്. വിദേശത്തുൾപ്പെടെ ജോലി ലഭിക്കാനും പ്രാഥമിക കളരിപാഠങ്ങൾ പരിശീലിപ്പിക്കാനും ഇത് പ്രയോജനപ്പെടും. യോഗ, നീന്തൽ, ഫിറ്റ്‌നസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകൾക്കും ഇതേ ഗുണമുണ്ട്. സർവകലാശാലയുടെ യോഗ കോഴ്സ് പൂർത്തിയാക്കിയവർക്ക് യോഗ അധ്യാപകരാകാനും അവസരമുണ്ടായിരുന്നു.