കൊച്ചി: കുടിച്ചുതീർത്ത വെള്ളക്കുപ്പികൾ പോലീസ് സ്റ്റേഷനിൽ കൂമ്പാരമായപ്പോൾ അതുകൊണ്ടുതീർത്ത മനോഹരമായ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം. ആർക്കും വേണ്ടാതെ റോഡരികിൽ കിടന്ന തുരുമ്പിച്ച സൈക്കിൾ സാമഗ്രികൾ കൊണ്ടുതീർത്ത കലാവിരുതിന്റെ മറ്റൊരു ബസ് കാത്തിരിപ്പു കേന്ദ്രം. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട്‌ ബസ് സ്റ്റോപ്പുകളിലെ മനോഹരമായ ഈ കാത്തിരിപ്പു കേന്ദ്രങ്ങൾ നൽകുന്നത് ഒരേ സന്ദേശം... മനസ്സുവെച്ചാൽ പാഴ്‌വസ്തുക്കൾ കൊണ്ടും നമുക്ക് ഉപയോഗമുള്ളതും മനോഹരവുമായ സൃഷ്ടികൾ നടത്താനാകും. തൃപ്പൂണിത്തുറ കിണർ ജങ്ഷനിലെ വെള്ളക്കുപ്പികൾ കൊണ്ടുതീർത്ത ബസ് കാത്തിരിപ്പു കേന്ദ്രവും തൊട്ടടുത്തുള്ള പുതിയകാവ് വളവ് സ്റ്റോപ്പിലെ സൈക്കിൾ സാമഗ്രികൾ കൊണ്ടുതീർത്ത ബസ് കാത്തിരിപ്പു കേന്ദ്രവുമാണ് നിർമിതിയിലെ മനോഹാരിത കൊണ്ടും സന്ദേശത്തിലെ പ്രസക്തി കൊണ്ടും ശ്രദ്ധേയമാകുന്നത്. പോലീസുകാരെ സഹായിക്കാൻ ബി.എസ്.ബി. എന്ന ക്ലബ്ബ് പ്രവർത്തകർ നടത്തിയ ശ്രമമാണ് കിണറിലെ ബസ്‌ സ്റ്റോപ്പ് നിർമിതിയിലെത്തിയതെന്നാണ് രണ്ട്‌ സ്റ്റോപ്പുകളുടെയും കലാ സ്രഷ്ടാവായ വി.വി. സുധീർ പറഞ്ഞത്. ’’ലോക്ഡൗൺ കാലത്ത് ക്ലബ്ബ് പ്രവർത്തകർ പല സാമൂഹിക പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക്‌ വിവിധ സംഘടനകൾ എത്തിച്ചു നൽകിയ കുടിവെള്ളത്തിന്റെ ഉപയോഗ ശൂന്യമായ കുപ്പികൾ സ്റ്റേഷനിൽ കുന്നുകൂടിയിരുന്നു. ആയിരത്തിലേറെ കുപ്പികൾ ഇങ്ങനെ കിടക്കുന്നതു കണ്ടപ്പോഴാണ് അതുകൊണ്ട് ഒരു കലാസൃഷ്ടി നടത്തിയാലോയെന്നു ചിന്തിച്ചത്. കുപ്പികൾ കൊണ്ട് ബസ് സ്റ്റോപ്പ് പണിതതിനൊപ്പം ചില കുപ്പികളിൽ മണ്ണുനിറച്ച് ചെടികളും നട്ടിരുന്നു. ഇതിനു പുറമേ പാഴായ ടയറുകൾ നിറമടിച്ച് അതിലും മണ്ണുനിറച്ച് ചെടികൾ നട്ടു. ആദ്യം സ്ഥാപിച്ച കുപ്പികളിൽ കുറച്ചു നാളുകൾക്കു ശേഷം ക്ലബ്ബ് അംഗങ്ങൾ പെയിന്റ് ചെയ്ത് കൂടുതൽ സുന്ദരമാക്കി...’’ സുധീർ പറഞ്ഞു.

കിണർ സ്റ്റോപ്പിന്റെ ഭംഗി കണ്ടാണ് അതിനടുത്ത പുതിയകാവ് വളവ് സ്റ്റോപ്പ് ഭംഗിയാക്കാൻ സിപി.എം. എട്ടെന്നിൽ ബ്രാഞ്ച് കമ്മിറ്റിക്കു തോന്നിയത്. ’’പാഴായ സൈക്കിൾ സാമഗ്രികൾ കൊണ്ട് ബസ് സ്റ്റോപ്പ് പണിയാമെന്നു പറഞ്ഞപ്പോൾ എല്ലാവർക്കും അതു കൊള്ളാമെന്നു തോന്നി. റോഡരികിൽ കിടന്നു തുരുമ്പിക്കുന്ന സൈക്കിൾ സാമഗ്രികളെല്ലാം ഞങ്ങൾ ശേഖരിച്ചു. ബസ് സ്റ്റോപ്പിലെ ഇരിപ്പിടമായ സൈക്കിൾ കാരിയർ മാത്രമാണ് പുതുതായി വാങ്ങിയത്” - സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ജിതേഷ് പറഞ്ഞു. കോവിഡ് കാലത്തു സൂക്ഷിക്കാൻ ഒരുപാട് സന്ദേശങ്ങളും ബസ് സ്റ്റോപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.