മലപ്പുറം: സമസ്തകേരള ജം ഇയ്യത്തുൽ ഉലമ (ഇ.കെ. വിഭാഗം)യുടെ വിദ്യാർഥി പ്രസിദ്ധീകരണത്തിൽ മുസ്‌ലിംലീഗ്- വെൽഫെയർ പാർട്ടിബന്ധത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.ടി. ജലീൽ. വെൽഫെയർ ബന്ധം ലീഗിന്റെ മതേതര പ്രതിഛായയ്ക്ക് കളങ്കമേൽപ്പിച്ചെന്നും ലീഗിനെ വിമർശിക്കുമ്പോൾ ഇസ്‌ലാമോഫോബിയയാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നുമാണ് മന്ത്രിയുടെ വിമർശം.

’വെൽഫെയർ പാർട്ടി, ഇസ്‌ലാമിക് സ്റ്റേറ്റിനുള്ള ചവിട്ടുപടി’ എന്ന തലക്കെട്ടിലാണ് എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ ’സത്യധാര’യിൽ അഭിമുഖംവന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാട്ടിയുമായി ലീഗുണ്ടാക്കിയ നീക്കുപോക്ക് സമസ്തനേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമസ്ത -ലീഗ് പോര് തുടരുന്നതിനിടെയാണ് ലീഗിന്റെ രാഷ്ട്രീയശത്രുവായ ജലീലിന്റെ അഭിമുഖം സത്യധാരയിൽ വരുന്നത്.

ലീഗിനെയും വെൽഫെയർപാർട്ടിയെയും വിമർശിക്കുമ്പോൾ മുസ്‌ലിംസമുദായത്തെ വിമർശിക്കുന്നതായാണ് അവർ ചിത്രീകരിക്കുന്നത്. അങ്ങനെ തോന്നുന്നുവെങ്കിൽ പാർട്ടിയുടെ പേരിൽനിന്ന് ’മുസ്‌ലിം’ എന്ന പദം ഒഴിവാക്കുകയാണ് അവർ ചെയ്യേണ്ടതെന്ന് മന്ത്രി അഭിമുഖത്തിൽ പറയുന്നു. ലീഗിനെ ചത്തകുതിരയെന്ന് നെഹ്‌റു പണ്ട് പറഞ്ഞപ്പോൾ അത് ഇസ്‌ലാമിനെതിരാണെന്ന് ആരും പറഞ്ഞില്ല. ഉത്തരംമുട്ടുന്ന ചോദ്യങ്ങൾ വരുമ്പോൾ ’മുസ്‌ലിം’ എന്ന പദത്തിൽ അഭയം തേടുകയാണിവരിപ്പോൾ. ഇസ്‌ലാമിക് സ്റ്റേറ്റിനുള്ള ചവിട്ടുപടിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർപാർട്ടി. ജമാഅത്തിന് കീർത്തി നേടിക്കൊടുക്കാൻ ലീഗ് വളംവെച്ചുകൊടുക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് -വെൽഫെയർ രഹസ്യധാരണയുണ്ടാകുമെന്നും ജലീൽ പറയുന്നു.

സംസ്ഥാനരാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനേയും മന്ത്രി വിമർശിക്കുന്നുണ്ട്. ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ നരേന്ദ്രമോദി ഇ.ഡിയെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നത് പേടിച്ചാണോ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നതെന്ന് പരിഹാസരൂപേണ ജലീൽ ചോദിക്കുന്നു.

എക്കാലവും മുസ്‌ലിംലീഗിനൊപ്പംനിന്ന സമസ്ത ജിഫ്രി മുത്തുക്കോയതങ്ങൾ അധ്യക്ഷനായശേഷം സ്വതന്ത്രനിലപാടെടുത്താണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായിവിജയനും സമസ്തനേതാക്കളുമായുള്ള അടുത്ത ബന്ധത്തെച്ചൊല്ലി ലീഗും സമസ്തയും തമ്മിൽ ഭിന്നതകളുണ്ട്. കേരളപര്യടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിവിളിച്ച യോഗത്തിൽ സമസ്തസെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ലീഗ് സമ്മർദത്തെത്തുടർന്ന് പിന്മാറേണ്ടിവന്നു. ഇൗ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലീഗിനെ വിമർശിക്കാൻ സത്യധാരയിൽ മന്ത്രി ജലീലിന് അവസരം ലഭിച്ചത്.