കണ്ണൂർ: കാമ്പസുകളിലെ മരച്ചില്ലകളിൽ പാറിക്കളിക്കാൻ തീക്കുരുവിയും ലളിതയും കിന്നരിപ്പരുന്തും ഉപ്പൂപ്പനും അടക്കം നൂറുകണക്കിന് പക്ഷികൾ. കേരളത്തിലെ കാമ്പസുകളിൽ നാലുദിവസം നടത്തിയ പക്ഷിസർവേയിലാണ് ഒട്ടേറെ ഇനങ്ങളെ കണ്ടെത്തിയത്. 12 മുതൽ 15 വരെ നടത്തിയ പക്ഷിസർവേയിൽ 17 കാമ്പസുകൾ പങ്കെടുത്തു. വിദ്യാർഥികളിൽ പക്ഷിസ്നേഹം വളർത്തുക എന്നതാണ് സർവേയുടെ ലക്ഷ്യം. ബേർഡ് കൗണ്ട് ഇന്ത്യ കളക്ടീവ് ആണ് നേതൃത്വം.

ഉപ്പൂപ്പൻ, പൊടിച്ചിലപ്പൻ (ഡാർക്ക് ഫ്രൻഡഡ് ബാബ്ലർ), തീക്കുരുവി (ഓറഞ്ച് മിനിവെറ്റ്), നീലഗിരി പാറ്റപിടിയൻ (നിൽഗിരി ഫ്‌ളൈ കാച്ചർ), ചെമ്പൻ മരംകൊത്തി (റിഫൊസ് വുഡ് പെക്കർ), ലളിത (ഏഷ്യൻ ഫെയറി ബ്ലൂ ബേർഡ്), മുത്തുപ്പിള്ള (ബ്രൗൺ ബ്രെസ്റ്റഡ് ഫ്ളൈകാച്ചർ), കിന്നരിപ്പരുന്ത് (ചേയ്ഞ്ചബ്‌ൾ ഹോക്ക് ഈഗിൾ), ഗരുഡൻ ചാരക്കാളി (ബ്ലിത് സ്റ്റാർലിങ്സ്), ഈറ്റപൊളിപ്പൻ (ബ്ലിത് വാർബ്ലർ), മഞ്ഞക്കറുപ്പൻ (ബ്ലാക്ക്-ഹുഡഡ് ഓറിയോൾ), കടുംപച്ചപ്പോടി കുരുവി (ഗ്രീൻ വാർബ്ലർ) എന്നിവ സർവേയിൽ കണ്ടെത്തിയവയിൽ ചിലതാണ്. മുൻവർഷങ്ങളിൽ പക്ഷികണക്കെടുപ്പിൽ മുന്നിലുണ്ടായിരുന്ന മണ്ണുത്തി കേരള കാർഷിക സർവകലാശാല, കോളേജ് ഓഫ് വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസസ് പൂക്കോട് ഇത്തവണയും മുൻനിരയിലുണ്ട്. ദേശീയ സർവേഫലത്തിൽ സംസ്ഥാനത്തെ കാമ്പസുകൾ പക്ഷിസമൃദ്ധമാണ്. എന്നാൽ പങ്കെടുക്കുന്ന കാമ്പസുകളുടെ കണക്കിൽ വളരെ പിന്നിലാണെന്ന പരാതി നിലനിൽക്കുന്നു.

ഉത്തരമലബാറിൽ ഏഴ് കാമ്പസുകൾ

17 കാമ്പസുകളിൽ ഏഴെണ്ണം കണ്ണൂർ-കാസർകോട് ജില്ലകളിലാണ്. സ്കൂൾകുട്ടികളിൽ പക്ഷിസ്നേഹവും നിരീക്ഷണവും ശക്തമാകുന്നു എന്നതിന് തെളിവായി കുണ്ടാർ എ.യു.പി.എസിൽ ഇത്തവണ പക്ഷികളെ നിരീക്ഷിച്ചു. ഇവിടെ 45 ഇനങ്ങളെ കണ്ടെത്തിയതായി കോ-ഓർഡിനേറ്റർ രാജു കിദൂർ പറഞ്ഞു.

കാഞ്ഞങ്ങാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 30 ഇനങ്ങളെ കണ്ടെത്തി. സുവോളജി വകുപ്പ് മേധാവി പ്രൊഫ. സുപ്രിയ നേതൃത്വം നൽകി. പയ്യന്നൂർ കോളേജിൽ 42 ഇനങ്ങളെ നിരീക്ഷിച്ചു. കാസർകോട് ഗവ. കോളേജ് 35 പക്ഷികളെ രേഖപ്പെടുത്തി. മാനന്തവാടി ഗവ. കോളേജിലും നിരീക്ഷണം നടത്തി.